കടുപ്പമേറിയതായിരുന്നു, നമ്മള്‍ തിരിച്ചുവരും, നാട്ടിലെത്തി സഞ്ജു സാംസണ്‍

Image 3
CricketIPL

കോവിഡ് വ്യാപനത്തിന് പിന്നാലെ ഐപിഎല്‍ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയെത്തി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ തന്നെ നിരുപാധികം പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറയുന്നതായി സഞ്ജു പറഞ്ഞു.

‘രാജസ്ഥാന്റെ എല്ലാ ആരാധകര്‍ക്കും നന്ദി. കടുപ്പമേറിയ സീസണായിരുന്നു ഇത് രാജസ്ഥാന്. തിരിച്ചടികളുണ്ടായപ്പോഴും ആരാധകര്‍ ടീമിനൊപ്പം നിന്നു. നമ്മുടെ ടീം ശക്തമായി തിരിച്ചു വരും’ സഞ്ജു പറഞ്ഞു.

ഐപിഎല്‍ സീസണ്‍ പാതി വഴിയില്‍ നിര്‍ത്തുമ്പോള്‍ ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമാണ് രാജസ്ഥാന്റെ സമ്പാദ്യം. ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ്, ലിവിങ്സ്റ്റണ്‍ എന്നിവരുടെ മടക്കം രാജസ്ഥാന് വലിയ പ്രഹരമേല്‍പ്പിച്ചിരുന്നു. ഏഴ് കളിയില്‍ നിന്ന് 277 റണ്‍സ് ആണ് സഞ്ജു നേടിയത്.

ഐപിഎല്‍ പതിനാലാം സീസണിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയാണ് സഞ്ജു തുടങ്ങിയത്. പഞ്ചാബിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങോടെ ടീമിനെ മുന്‍പില്‍ നിന്ന് നയിച്ചെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ല. എന്നാല്‍ പിന്നാലെ തന്റെ ബാറ്റിങ് ശൈലി മാറ്റി കരുതലോടെ കളിച്ച സഞ്ജു പിന്നെയുള്ള രാജസ്ഥാന്റെ ജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ചു,