സഞ്ജുവിന് കൂട്ടായി ശ്രീശാന്ത് വരുന്നോ? നീക്കങ്ങള്‍ ഇങ്ങനെ

ഐപിഎല്‍ പുരോഗമിക്കവെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നും പിന്മാറിയ ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റന് പകരക്കാരനായി ആര് ടീമിലെത്തുമെന്ന ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ബയോ ബബിളില്‍ കഴിയുന്നതിനുള്ള മാനസിക പ്രയാസത്തെ തുടര്‍ന്നാണ് ലിവിംഗ്‌സ്റ്റന്‍ ടീമില്‍ നിന്ന് പിന്മാറിയത്.

ഇതോടെ നിരവധി താരങ്ങളുടെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നത്. ഇതില്‍ മലയാളി താരം എസ് ശ്രീശാന്തും ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. നേരത്തെ ഐപിഎല്ലില്‍ ഒരു ടീമിനും താല്‍പര്യമില്ലാത്തതിനെ തുടര്‍ന്ന് താരലേലത്തില്‍ പോലും ശ്രീശാന്തിനെ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.

ശ്രീശാന്ത് രാജസ്ഥാന്‍ ടീമിലെത്തിയാല്‍ അത് വലിയ വാര്‍ത്തയാകും. നേരത്തെ 2013ല്‍ രജസ്ഥാനായി കളിയ്ക്കുമ്പോഴായിരുന്നു ഒത്തുകളി വിവാദത്തില്‍ പെട്ട് ശ്രീശാന്ത് അറസ്റ്റിലാകുന്നതും പിന്നീട് വിലക്ക് നേരിടുന്നത്. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് കളിയിലേക്ക് തിരിച്ചുവരുകയും മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്തിരുന്നു.

ശ്രീശാന്തിനെ കൂടാതെ ന്യൂസിലന്‍ഡ് താരങ്ങളായ കോറി ആന്‍ഡേഴ്സണ്‍, ഡെവന്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്സ്, ഇഷ് സോധി, ലങ്കന്‍ താരം തിസാര പെരേര എന്നിവരുടെ പേരും ലിവിംഗ്‌സ്റ്റന് പകരം പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ബയോ ബബിളില്‍ കഴിയുന്നതിനുള്ള മാനസിക പ്രയാസത്തെ തുടര്‍ന്നാണ് ലിവിംഗ്സ്റ്റന്‍ നാട്ടിലേക്ക് മടങ്ങുന്നത്.

ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. ഡല്‍ഹിക്കെതിരായ മത്സരം മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്. വ്യാഴാഴ്ച ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

 

You Might Also Like