പൂരാനെതിരെ സഞ്ജുവിന്റെ ഡൈവില്‍ പന്തിന്റെ കുസൃതി, പരസ്യമായി താക്കീത് ചെയ്ത് രോഹിത്ത്

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. മലയാളി താരം സഞ്ജു സാംസണ്‍ കൂടി അടങ്ങിയ ടീം 59 റണ്‍സിനാണ് നിര്‍ണ്ണായകമായ നാലാം ടി20യില്‍ വിന്‍ഡീസിനെ തോല്‍പിച്ചത്. ഇതോടെ ഒരു മത്സരം അവശേഷിക്കെ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

മത്സരത്തില്‍ 192 റണ്‍സ് ലക്ഷ്യംവെച്ച് വിന്‍ഡീസ് റണ്‍സ് ചേയ്‌സ് ചെയ്യുന്നതിനിടെ അവര്‍ക്ക് നിര്‍ണ്ണായക തിരിച്ചടി ഏല്‍പിച്ചത് സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനമായിരുന്നു. എട്ട് പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം 24 റണ്‍സുമായി അതിവേഗം കുതിച്ച വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരാനെയാണ് സഞ്ജു മികച്ച ഫീല്‍ഡിംഗിലൂടെ റണ്ണൗട്ടാക്കിയത്.

അക്‌സര്‍ പട്ടേലെറിഞ്ഞ നാലാം ഓവറിലെ ആദ്യ അഞ്ച് പന്തില്‍ മൂന്ന് സിക്‌സ് അടക്കം 22 റണ്‍സാണ് പൂരാന്‍ അടിച്ചെടുത്തത്. അവസാന പന്തില്‍ സ്‌ട്രൈക്ക് സ്വന്തമാക്കാന്‍ സിംഗിളിന് ശ്രമിച്ചതാണ് പൂരാന് തിരിച്ചടിയായത്. പന്ത് ലഭിച്ചത് സഞ്ജുവിന്റെ കൈകളിലായിരുന്നു. സിംഗിള്‍ നേടാനുള്ള ശ്രമത്തിനിടെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുളള കെയ്ല്‍ മയേഴ്‌സ് സ്റ്റെപ്പ് എടുത്തെങ്കിലും പിന്നീട് ഓടിയില്ലാ. ഇതോടെ പന്ത് ഡൈവ് ചെയ്ത് പിടിച്ച് സഞ്ജു വിക്കറ്റ് കീപ്പര്‍ എന്‍ഡിലേക്ക് എറിഞ്ഞു കൊടുത്തു.

പൂരാന്‍ പിച്ചിന്റെ മധ്യത്തിലായിരുന്നു ഈ സമയം. ഇതോടെ 22 റണ്‍സ് പിറന്ന ഓവറില്‍ നിര്‍ഭാഗ്യകരമായി നിക്കോളസ് പൂരാന്‍ പുറത്തായി.

പിച്ചിന് നടുവില്‍ നില്‍ക്കുകയായിരുന്ന നിക്കോളാസ് പൂരന്‍ തിരിച്ച് ക്രീസിലെത്തുന്നില്ല എന്ന് കണ്ട് റിഷഭ് പന്ത് ബെയ്ല്‍സ് ഇളക്കാതെ ഒരു കുസൃതി ഒപ്പിക്കാന്‍ നോക്കി. എന്നാല്‍ റിഷഭ് പന്തിന്റെ ഈ പ്രവൃത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് രസിച്ചില്ല. പന്തിനരികില്‍ എത്തിയ രോഹിത് ശര്‍മ്മ പന്ത് കിട്ടിയാല്‍ ഉടന്‍ ബെയ്ല്‍സ് ഇളക്കണമെന്ന് പന്തിനോട് പരസ്യമായി താക്കീത് ചെയ്യുകയായിരുന്നു. രോഹിത്ത് ദേഷ്യപ്പെടുന്ന ഈ വീഡിയോ അതിവേഗം വൈറലായി.