രാജസ്ഥാന്റെ ആ ‘വലിയ മിസ്സിംഗ്’ മാറി, ക്രിക്കറ്റ് ലോകം കത്തിച്ച് സഞ്ജു ജയ്പൂരില്‍

Image 3
CricketCricket NewsFeatured

ആവേശകരമായ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ പതിനെട്ടാം പതിപ്പിന്റെ ആരംഭത്തിലേക്ക് അടുക്കുകയാണ്. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ നിന്നുള്ള ആവേശകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായി ടീമിനൊപ്പം ചേര്‍ന്നു എന്നതാണ് ആ വാര്‍ത്ത.

ജയ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതുമുതല്‍ ടീം ക്യാമ്പിലെത്തി പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും ടീമംഗങ്ങളെയും സന്ദര്‍ശിക്കുന്നതുവരെയുള്ള ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സഞ്ജുവിന്റെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്കും ടീം അംഗങ്ങള്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന ഒന്നാണ് സഞ്ജുവിന്റെ ഈ മടങ്ങിവരവ്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ കൈവിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്ന സഞ്ജു, സീസണ്‍ ആരംഭിക്കാന്‍ ഒരാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെയാണ് ടീമിനൊപ്പം ചേര്‍ന്നത്. മാര്‍ച്ച് 23ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.

ഐപിഎല്‍ മെഗാതാരലേലത്തില്‍ അഴിച്ചുപണിത ടീമുമായാണ് ഇത്തവണ രാജസ്ഥാന്‍ എത്തുന്നത്. ടീമിലെ പരിചിത മുഖങ്ങളായിരുന്ന ജോസ് ബട്ലര്‍, ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചെഹല്‍ തുടങ്ങിയവര്‍ ഇത്തവണ രാജസ്ഥാനൊപ്പമില്ല. പകരം നിതീഷ് റാണ, വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ തുടങ്ങിയവര്‍ ടീമിലെത്തി.

തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാനെത്തുന്നത്. ഇപ്പോഴുള്ള ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ള ക്യാപ്റ്റനും സഞ്ജു തന്നെ. സഞ്ജുവിനു കീഴില്‍ ആദ്യത്തെയും ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെയും കിരീടമാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നത്.

2022ല്‍ രാജസ്ഥാനെ ഫൈനലിലേക്ക് നയിച്ച സഞ്ജു, അവിടെ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയിരുന്നു. 2023ല്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായി. 2024ല്‍ പ്ലേഓഫില്‍ കടന്നെങ്കിലും കിരീടം അകന്നുനിന്നു. എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വീഴ്ത്തിയെങ്കിലും, രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടു തോറ്റാണ് ടീം പുറത്തായത്. ഈ വര്‍ഷം സഞ്ജുവും സംഘവും അതിശക്തമായ രീതിയില്‍ തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഐപിഎല്ലിലെ സഞ്ജുവിന്റെ ലെഗസി

  • – ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളി താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണ്‍.
  • – ഐപിഎല്‍ കളിച്ച 152 മത്സരങ്ങളില്‍ നിന്നും 3888 റണ്‍സ് നേടിയിട്ടുണ്ട്.
  • – ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോര്‍ 119 റണ്‍സ് ആണ്.
  • – കീപ്പറായി 91 ക്യാച്ചുകളും, 14 സ്റ്റമ്പിങ്ങുകളും നടത്തിയിട്ടുണ്ട്.

സഞ്ജുവിന്റെ ഇതുവരെയുള്ള ക്യാപ്റ്റന്‍സിയിലെ നാഴികകല്ലുകള്‍

  • – സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കളിച്ചു.
  • – 2021 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്ലേ ഓഫിലെത്തിച്ചതിന്റെ ക്രെഡിറ്റ് സഞ്ജുവിന് അവകാശപ്പെട്ടതാണ്.
  • – 2022 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ ഫൈനല്‍ വരെ സഞ്ജു എത്തിച്ചു.

ഇത്രയും മികച്ച രീതിയില്‍ മുന്‍പോട്ടു പോകുമ്പോഴും ഇതുവരെ ഒരു കിരീടം നേടാന്‍ സാധിക്കാത്തതില്‍ ചെറിയ രീതിയിലുള്ള വിഷമം സഞ്ജുവിനും ആരാധകര്‍ക്കും ഉണ്ടായിരിക്കും. ഈ വര്ഷം ആ കുറവ് പരിഹരിക്കാന്‍ സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Article Summary

Sanju Samson has rejoined the Rajasthan Royals camp ahead of the 2024 IPL season, recovering from a finger injury sustained during the T20 series against England. The Royals captain's return is a significant boost for the team, which has undergone significant changes in the off-season. Samson, who has led the Royals for five consecutive seasons, aims to guide the team to their second IPL title, with their first match scheduled against Sunrisers Hyderabad on March 23rd. The article also provides a look back on Sanju's IPL career and captaincy milestones.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in