ഒടുവില്‍ കാത്തിരുന്ന വാര്‍ത്തയെത്തി, നിര്‍ണ്ണായക അറിയിപ്പുമായി ബിസിസിഐ

Image 3
CricketTeam India

കെഎല്‍ രാഹുലിന് പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ് ഷാ പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്.

നേരത്തെ ബിസിസിഐ വെബ് സൈറ്റില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ കെഎല്‍ രാഹുലിന് പകരമായി സഞ്ജു സാംസന്റെ പേര് ചേര്‍ത്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വരാത്തത് ഏറെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

‘ഓള്‍-ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി, ഇപ്പോള്‍ നടക്കുന്ന വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ടി20 ടീമില്‍ കെ എല്‍ രാഹുലിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തിരഞ്ഞെടുത്തിരിക്കുന്നു. കെ എല്‍ രാഹുലിനെ നേരത്തെ ടീമില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് സംബന്ധമായ കാരണങ്ങളാല്‍ അദ്ദേഹത്തിന് ടി20 പരമ്പരിയില്‍ കളിക്കാനാകില്ല. കഴിഞ്ഞയാഴ്ച രാഹുലിന് കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനാല്‍ ബിസിസിഐ മെഡിക്കല്‍ ടീം വിശ്രമം നിര്‍ദ്ദേശിച്ചു. അടുത്തിടെ സമാപിച്ച വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ ഉണ്ടായിരുന്നു’ ബിസിസിഐ സെക്രട്ടറി ജയ്ഷാ പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നത് ഇപ്രകാരമാണ്.

ഇതോടെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണം നാലായി. പരമ്പരയില്‍ സഞ്ജു കളിയ്ക്കുമോയെന്ന കാര്യം ഉറപ്പില്ല. ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താലാകും സഞ്ജുവിന് അവസരം ലഭിക്കുക.

അഞ്ച് മത്സരമാണ് പരമ്പരയില്‍ ഉളളത്. മൂന്ന് മത്സരം വിന്‍ഡീസിലും രണ്ട് മത്സരം അമേരിക്കയിലെ ഫ്‌ളോറിഡയിലുമാണ് നടക്കുന്നത്. രോഹിത്ത് ശര്‍മ്മയാണ് ഇന്ത്യയുടെ നായകന്‍. റിഷഭ് പന്തടക്കം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.