തഴഞ്ഞിട്ടും രക്ഷയില്ല, അര്‍ധ രാത്രി സഞ്ജു ദുലീപ് ട്രോഫി ടീമില്‍, ബിസിസിഐ പ്രഖ്യാപനം
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ടൂര്‍ണമെന്റായ ദുലീപ് ട്രോഫി ഇന്ന് ആരംഭിക്കാനിരിക്കെ, ടീമില്‍ ഒരു അപ്രതീക്ഷിത മാറ്റം. പരിക്കേറ്റ ഇഷാന്‍ കിഷന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ‘ഇന്ത്യ ഡി’ ടീമില്‍ ഇടം നേടി. ബുച്ചി ബാബു ടൂര്‍ണമെന്റിനിടെ കാലിന് പരിക്കേറ്റതാണ് ഇഷാന്‍ കിഷന് തിരിച്ചടിയായത്.
ഇഷാന്‍ കിഷന്‍ പരുക്കുമൂലം കളിക്കുന്നില്ലെന്ന കാര്യവും, പകരം സഞ്ജു ‘ഇന്ത്യ ഡി’ ടീമില്‍ കളിക്കുന്ന വിവരവും ബിസിസിഐ തന്നെയാണ് ഇന്നു പുലര്‍ച്ചെ അറിയിച്ചത്. ഇന്ന് രാവിലെ 9നാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.
കിഷന് പകരക്കാരനായി സഞ്ജു സാംസണെ നിയമിച്ചിട്ടുണ്ടെങ്കിലും, ആദ്യ റൗണ്ടില്‍ കളിയ്ക്കുന്ന കാര്യം കണ്ടറിയണം. ഇന്ത്യ ഡി ടീമില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എസ് ഭരത് ഉളളതിനാല്‍ സഞ്ജു പുറത്തിരിക്കാനാണ് സാധ്യത.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിന്റെ ആദ്യ മത്സരം ഇന്ന് രാവിലെ 9.30ന് ഋതുരാജ് ഗെയ്ക്വാദിന്റെ ഇന്ത്യ സി ടീമിനെതിരെയാണ്. അനന്തപുര്‍ റൂറല്‍ ഡെവലപ്മെന്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതേസമയം, ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ എ, ബി ടീമുകളും ഏറ്റുമുട്ടും.
ഇഷാനെ കൂടാതെ സൂര്യകുമാര്‍ യാദവും പേസര്‍ പ്രസിദ്ധ് കൃഷ്ണയും ആദ്യ റൗണ്ട് മത്സരങ്ങളില്‍ കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക് എന്നിവരെയും അസുഖം കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ ബിയില്‍ നിന്ന് ഒഴിവാക്കി, എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ല. പേസര്‍ നവദീപ് സൈനി ഇന്ത്യ ബിയില്‍ സിറാജിന് പകരക്കാരനായി എത്തി, പുതുച്ചേരി പേസര്‍ ഗൗരവ് യാദവ് ഇന്ത്യ സിയില്‍ മാലിക്കിന് പകരക്കാരനായി എത്തി.
ദുലീപ് ട്രോഫിയിലെ പ്രകടനം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ നിര്‍ണായകമാകും എന്നതിനാല്‍, ഈ അപ്രതീക്ഷിത അവസരം സഞ്ജുവിന് വളരെ പ്രധാനമാണ്.