സഞ്ജുവിന്റേത് നന്ദികേട്, വന്ന വഴി അവന്‍ മറന്നു, പ്രതിഷേധം കത്തുന്നു

Image 3
CricketIPL

ഐപിഎല്‍ 15ാം സീസണിനുളള താരലേലം അവസാനിച്ചതോടെ ലേലത്തിനൊന്നുമില്ലാത്ത മലയാളി താരവും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണിനെതിരെ ഹേറ്റ് ക്യാംമ്പയിനിങ്ങിലാണ് ഒരു വിഭാഗം മലയാളി ക്രിക്കറ്റ് പ്രേമികള്‍. സഞ്ജു സഹതാരങ്ങളെ സഹായിച്ചില്ല എന്ന ആരോപണമാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്.

ഇതില്‍ ഏറ്റവും പ്രധാനമായി അവര്‍ ചൂണ്ടികാണിക്കുന്നത് മലയാളി പേസര്‍ എസ് ശ്രീശാന്തിനെ ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാത്തതാണ്. താരത്തിന്റെ പേരു പോലും ലേല വേദിയില്‍ വിളിച്ചില്ല. 50 ലക്ഷം രൂപയായിരുന്നു അടിസ്ഥാന വില.

മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് എങ്കിലും ശ്രീശാന്തിനെ വാങ്ങാന്‍ തയ്യാറാകണമെന്നായിരുന്നു ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സഞ്ജു ഇതിന് മുന്‍ കൈ എടുത്തില്ലെന്ന് ഇവര്‍ പറയുന്നു.

സഞ്ജു ചെയ്തത് നന്ദികേടാണെന്നും സഞ്ജു വലിയ താരമായപ്പോള്‍ വന്ന വഴി മറന്നു എന്നുമൊക്കെയാണ് ഉയരുന്ന വിമര്‍ശനം. ശ്രീശാന്താണ് തന്നെ രാജസ്ഥാനിലേക്ക് എത്തിച്ചതെന്ന് സഞ്ജു തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കായി 2008-13 കാലയളവില്‍ 44 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ശ്രീശാന്ത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിക്കവെയാണ് ശ്രീശാന്ത് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. ഇതിനെത്തുടര്‍ന്ന് താരത്തിന് അജീവനാന്ത വിലക്ക് നേരിടേണ്ടി വരികയും ചെയ്തിരുന്നു.

39കാരനായ ശ്രീശാന്ത് ഇന്ത്യക്കായി 27 ടെസ്റ്റില്‍ നിന്ന് 87 വിക്കറ്റും 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റും 10 ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 44 മത്സരങ്ങളില്‍ നിന്നായി 8.14 ഇക്കോണമിയില്‍ 40 വിക്കറ്റാണ് ശ്രീശാന്തിന്റെ പേരിലുള്ളത്.

ശ്രീശാന്തിനെ കൂടാതെ സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങിയ പ്രമുഖ കേരള താരങ്ങളും അണ്‍സോള്‍ഡ് ആയി. വിഷ്ണു വിനോദും ആസിഫും ബേസില്‍ തമ്പിയുമാണ് സഞ്ജുവിനെ കൂടാതെ ഇത്തവണ ഐപിഎല്‍ കരാര്‍ നേടിയ കേരള താരങ്ങള്‍.