ക്യാപ്റ്റന്റെ കളിയുമായി സഞ്ജു, രാജസ്ഥാന്‍ വീണ്ടും വിജയവഴിയില്‍

Image 3
CricketIPL

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ടീമിന്റെ പരിമിതികള്‍ മനസ്സിലാക്കി അതീവ ശ്രദ്ധയോടെ നായകന്റെ കളി പുറത്തെടുത്ത സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവാണ് രാജസ്ഥാന് നിര്‍ണ്ണായക ജയം നേടിക്കൊടുത്തത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 133 റണ്‍സാണ് എടുത്തത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് മോറിസാണ് കൊല്‍ക്കത്തയെ വരിഞ്ഞു കെട്ടിയത്. ഉനാദ്കടും ചേതന്‍ സക്കറിയയും മുസ്തഫിസു റഹ്മാന്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

26 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 36 റണ്‍സെടുത്ത രാഹുല്‍ ത്രിപാതിയാണ് കൊല്‍ക്കത്തന്‍ നിരയിലെ ടോപ് സ്‌കോറര്‍. നിരതീഷ് റാണ (22), ശുഭ്മാന്‍ ഗില്‍ (11), സുനില്‍ നരെയെന്‍ (6), ഇയാന്‍ മോര്‍ഗണ്‍ (0), ദിനേഷ് കാര്‍ത്തിക് (25). റസ്സല്‍ (9), കമ്മിന്‍സ് (10), മാവി (5*) എന്നിങ്ങനെയായിരുന്നു മറ്റ് കൊല്‍ക്കത്തന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ സഞ്ജു സാംസണ്‍ ടോപ് സ്‌കോററായി. 41 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 42 റണ്‍സാണ് സഞ്ജു നേടിയത്. ഒരു വശത്ത് വിക്കറ്റുകള്‍ കെഴിയുമ്പോഴും ക്രീസില്‍ സിംഗിളുകളുമായി ക്ഷമയോടെ പിടിച്ച് നിന്നാണ് സഞ്ജു രാജസ്ഥാനെ വിജയവഴിയിലെത്തിച്ചത്.

ഡേവിഡ് മില്ലര്‍ പുറത്താകാതെ 24 റണ്‍സെടുത്തു. 23 പന്തില്‍ മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെയായിരുന്നു മില്ലറുടെ രക്ഷാപ്രവര്‍ത്തനം. ഇരുവരും അഞ്ചാം വിക്കറ്റില്‍ നിര്‍ണ്ണായകമായി 34 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

ജയ്‌സ്വാള്‍ 22ഉം ശിവം ദുബെ 22ഉം റണ്‍സെടുത്ത് സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി. അഞ്ച് റണ്‍സ് വീതമെടുത്ത ജോസ് ബട്ട്‌ലറും രാഹുല്‍ തെവാത്തിയയുമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങാതെ പോയത്.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ടും ശിവം മാവിയും പ്രസീദ് കൃഷണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് കളിയില്‍ രണ്ട് വിജയവുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.