സഞ്ജുവിന് അടുത്ത വലിയ തിരിച്ചടി, നേരിടുന്നത് ഗുരുതര പ്രതിസന്ധി

കോവിഡ് കാരണം പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം ഘട്ടത്തില്‍ കളിക്കാന്‍ തങ്ങളുടെ താരങ്ങള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് നസ്മുല്‍ ഹസന്‍. ബംഗ്ലാദേശ് ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനുമാണ് കളിക്കാന്‍ അനുമതി അനുവദിക്കാനാകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിലപാടെടുത്തത്.

ഐ.സി.സി ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പുകളാണ് ഇരു താരങ്ങളേയും വിലക്കാനുളള കാരണമായി നസ്മുല്‍ ഹസന്‍ പറയുന്നത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെ താരമാണ് ഷാക്കിബ്. മുസ്തഫിസുര്‍ റഹ്മാനാകട്ടെ രാജസ്ഥാന്‍ റോയല്‍സ് താരവും.

നേരത്തെ ഓസീസ്, ഇംഗ്ലണ്ട് താരങ്ങളും ഐ.പി.എല്‍ രണ്ടാം ഘട്ടത്തിലേക്ക് ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ രണ്ടാം ഘട്ടത്തില്‍ കളിക്കാരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുക എന്ന വെല്ലുവിളി എങ്ങനെ അതിജീവിക്കും എന്ന ആലോചനയിലാണ് ബിിസിഐ.

മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് മുസ്തഫിസുറിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. നേരത്തെ പരിക്ക് കാരണം അവരുടെ പ്രധാന പേസറായ ജോഫ്രാ ആര്‍ച്ചറും ഐപിഎല്ലിന് ഉണ്ടാകില്ലെന്ന് ഏറെ കുറെ ഉറപ്പാണ്. ബെന്‍സ്റ്റോക്‌സും ഇത്തവണത്തെ ഐപിഎല്ലില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ കളിക്കാരെ വെച്ച് സീസണ്‍ പൂര്‍ത്തിയാക്കേണ്ട ഗതികേടിലാണ് ഇതോടെ സഞ്ജുവിന്റെ റോയല്‍സ്. ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെ യു.എ.ഇയില്‍ നടത്താനാണ് ആലോചിക്കുന്നത്. 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

 

You Might Also Like