സഞ്ജുവിനെ രാജസ്ഥാന്‍ നായകനാക്കാന്‍ ആലോചിക്കുന്നു
മലയാളി താരം സഞ്ജു വി സാംസണ്‍ ഐപിഎല്‍ 14ാം സീസണില്‍ പുതിയ ഉത്തരവാദിത്തം ലഭിക്കാന്‍ സാധ്യത. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കേണ്ട ചുമതല സഞ്ജുവിന് നല്‍കാനാണ് മാനേജുമെന്റ് ആലോചിക്കുന്നത്. രാജസ്ഥാന് നന്നാകുക ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കും എന്ന വിലയിരുത്തലിലാണ് രാജസ്ഥാന്‍ ഇത്തരമൊരു നീക്കം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
ഓസ്‌ട്രേലിയന്‍ പരമ്പരയിലെ സഞ്ജുവിന്റെ പ്രകടനം വിലയിരുത്തിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക. സഞ്ജുവിനെ പുതിയ ഉത്തരവാദിത്തം ഏല്‍പിക്കുന്നത് ടീമിനേയും താരത്തിനേയും എങ്ങനെ ബാധിക്കും എന്ന വിലയിരുത്തലാണ് രാജസ്ഥാന്‍ മാനേജുമെന്റ് ഇപ്പോള്‍ നടത്തുന്നത്.
നിലവില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് രാജസ്ഥാന്റെ നായകന്‍. എന്നാല്‍ രാജസ്ഥാനെ ഇത്തവണയും പ്ലേഓഫിലെത്തിക്കാന്‍ സ്മിത്തിനായില്ല. ഇതോടെയാണ് ഇന്ത്യന്‍ നായകനെ കുറിച്ചുളള ചര്‍ച്ച രാജസ്ഥാന്‍ മാനേജുമെന്റിനുളളില്‍ നടക്കുന്നത്.
കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര ഇന്ത്യന്‍ കളിക്കാരനെ ക്യാപ്റ്റനാക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യം വെക്കുന്നത് എങ്കില്‍ സഞ്ജു സാംസണിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വരുന്ന സീസണിലേക്കായി രാജസ്ഥാന്‍ നിലനിര്‍ത്തേണ്ട കളിക്കാരെ കുറിച്ച് പറയുമ്പോഴാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍.
നായക സ്ഥാനത്ത് സ്റ്റീവ് സ്മിത്തിന് മികവ് കാണിക്കാന്‍ സാധിക്കാത്തതിനാല്‍ പകരം ഒരു ഇന്ത്യന്‍ താരത്തെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനാക്കണം. സ്മിത്തിന്റെ നായകത്വം രാജസ്ഥാന്‍ റോയല്‍സിന്റേതുമായി യോജിച്ച് പോവുന്നില്ല. ഇതിനാല്‍ സഞ്ജു സാംസണിനേയോ, മറ്റേതെങ്കിലും ഇന്ത്യന്‍ താരത്തേയോ ഇതിനായി രാജസ്ഥാന്‍ പരിഗണിക്കണം, ആകാശ് ചോപ്ര പറഞ്ഞു.
മെഗാ താര ലേലം നടന്നാല്‍ ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്സ്, ജോസ് ബട്ട്ലര്‍ എന്നിവരെ രാജസ്ഥാന്‍ ടീമില്‍ നിലനിര്‍ത്തണം. രണ്ട് വിദേശതാരങ്ങളെയാണ് റിറ്റെയ്ന്‍ ചെയ്യാനാവുക. മൂന്നാമത്തെ താരത്തെ നിലനിര്‍ത്താന്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിക്കുകയോ, ലേലത്തിലേക്ക് വിട്ടതിന് ശേഷം തിരികെ വാങ്ങുകയോ ചെയ്യണം, ആകാശ് ചോപ്ര പറഞ്ഞു.