ഇന്ത്യ-ശ്രീലങ്ക മത്സരം തടസ്സപ്പെട്ടു, കാത്തിരിപ്പ്

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനം മഴമൂലം തടസ്സപ്പെടുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 23 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെയാണ് ഒടുവില്‍ നഷ്ടമായത്. 46 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 46 റണ്‍സെടുത്ത സഞ്ജുവിനെ പ്രവീണ്‍ ജയവിക്രമ പുറത്താക്കി.

ബൗണ്ടറിയിലൂടെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ചുറി നേടാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. പന്ത് ആവിഷ്‌ക ഫെര്‍ണാണ്ടോ കൈയ്യിലൊതുക്കി. സൂര്യകുമാര്‍ യാദവും മനീഷ് പാണ്ഡെയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. നേരത്തേ പൃഥ്വി ഷായെയും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു

49 റണ്‍സെടുത്ത് മികച്ച പ്രകടനം പുറത്തെടുത്ത, അര്‍ധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ശ്രീലങ്കന്‍ നായകന്‍ ശനക വിക്കറ്റിന് മുന്നില്‍ കുടുക്കി.

11 പന്തില്‍ 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ നേരത്തേ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. താരത്തെ ദുഷ്മന്ത ചമീര പുറത്താക്കി. ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്സിയില്‍ സഞ്ജുവിന്റെ ആദ്യ മത്സരമാണിത്. മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യന്‍ ജഴ്സിയില്‍ ഇന്ന് അരങ്ങേറിയത്. ചേതന്‍ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹര്‍, നിതീഷ് റാണ എന്നിവര്‍ സ്ഞ്ജുവിനൊപ്പം ഏകദിനത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങി.

ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് നഷ്ടമാകുകയായിരുന്നു. ഇഷാന്‍ കിഷന് പകരമാണ് താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മൂന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്്. ശ്രീശാന്തിനുശേഷം ഏകദിനത്തില്‍ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.

You Might Also Like