ഏഷ്യ കപ്പ് ടീം പ്രഖ്യാപനം, സഞ്ജുവോ കിഷനോ? രണ്ടില്‍ ഒരാള്‍ അകത്ത്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യ കപ്പ് ടൂര്‍ണമെന്റിനുളള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഏതാനും മണിക്കൂറുകള്‍ക്കകം ഉണ്ടാകും. വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പര 4-1ന് സ്വന്തമാക്കിയതോടെ ഇനി ക്രിക്കറ്റ് ലോകം കാതോര്‍ക്കുന്നത് ഈ പ്രഖ്യാപനത്തിനായാണ്.

ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ആരെത്തും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന പ്രധാന വിഷയം. ഒന്നാം കീപ്പറായി ഋഷഭ് പന്ത് തന്നെ ടീമിലെത്തുമെന്ന് ഉറപ്പായതിനാല്‍, രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണും ഇഷാന്‍ കിഷനും തമ്മിലാണ് മത്സരം.

തകര്‍പ്പന്‍ വെടിക്കെട്ട് പുറത്തെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വേണോ, അതോ അഴകും കരുത്തും ഒരുമിക്കുന്ന വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷിയുള്ള മധ്യനിര ബാറ്ററായ വിക്കറ്റ് കീപ്പര്‍ വേണോ എന്ന ചോദ്യത്തിനു സിലക്ടര്‍മാര്‍ കണ്ടെത്തുന്ന ഉത്തരമാകും ഇരുവരുടെയും കാര്യത്തില്‍ നിര്‍ണായകമാകുക. ഓപ്പണിങ് സ്ലോട്ടിലേക്കാണ് താരത്തെ തേടുന്നതെങ്കില്‍ ഇഷാന്‍ കിഷനു നറുക്കുവീഴും. മധ്യനിരയെ ശക്തിപ്പെടുത്താനാണ് തീരുമാനമെങ്കില്‍ സ്വാഭാവികമായും സഞ്ജു ടീമിലെത്തും.

ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ട്വന്റി20 ഫോര്‍മാറ്റിലാണ് ഈ വര്‍ഷം ഏഷ്യാകപ്പ് നടക്കുന്നത്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍. ചേതന്‍ ശര്‍മ അധ്യക്ഷനായ സിലക്ഷന്‍ കമ്മിറ്റി പതിവുപോലെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുമോ, അതോ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ 17 അംഗ ടീമിനെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിനും ഇന്ന് ഉത്തരം ലഭിക്കും.

You Might Also Like