ബിസിസിഐ ചെയ്ത ഏറ്റവും വലിയ കാര്യമാണത്, കരുത്തരാണ് നമ്മള്‍, തുറന്ന് പറഞ്ഞ് സഞ്ജു

Image 3
CricketWorldcup

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും നായകന്‍ സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച സീസണുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ടി20 ലോകകപ്പിനുളള ടീം ഇന്ത്യയിലേക്ക് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പര്‍മാരായി ഇഷാന്‍ കിഷനും റിഷഭ് പന്തുമാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചത്.

ഇതോടെ നാട്ടിലേക്ക് തിരിച്ചെത്തിയ സഞ്ജു സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കായുളള തയ്യാറെടുപ്പിലാണ്. ആലപ്പുഴയില്‍ നടക്കുന്ന കേരളത്തിന്റെ ക്യാമ്പില്‍ സഞ്ജു സജീവവുമാണ്. ഐപിഎല്‍ അനുഭവങ്ങളും ഇന്ത്യന്‍ ടീമിന്റെ പ്രകടനവും സഞ്ജു പ്രമുഖ വാര്‍ത്ത ചാനലായ ഏഷ്യനെറ്റ് ന്യൂസിനോട് പങ്കുവെച്ചു.

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ നിരാശയില്ലെന്ന് സഞ്ജു പറയുന്നു. അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഐപിഎല്ലിനിടെ സഞ്ജു പറഞ്ഞത്.

ലോകകപ്പില്‍ കിരീട സാധ്യത ഇന്ത്യക്ക് തന്നെയെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ വാക്കുകള്‍… ”എം എസ് ധോണിയെ മെന്ററാക്കി കൊണ്ടുവന്നതിലൂടെ ഏറ്റവും നല്ല കാര്യമാണ് ബിസിസിഐ ചെയ്തത്. വിരാട് കോലി, രോഹിത് ശര്‍മ, രവി ശാസ്ത്രി, ധോണി എന്നിവര്‍ ഒന്നിക്കുന്നത് തീര്‍ച്ചയായും ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കും.

എല്ലാവര്‍ക്കും അറിയുന്നപോലെ ഇന്ത്യ തന്നെയാണ് ടൂര്‍ണമെന്റിലെ ശക്തര്‍. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഒന്നും പറയാന്‍ കഴിയില്ല. വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയുമൊക്കെ വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ടീമാണ്.” സഞ്ജു പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തെ കുറിച്ചും സഞ്ജു സംസാരിച്ചു. ”ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചു. അതിന്റെ സന്തോഷമുണ്ട്. വ്യക്തിഗത പ്രകടനമെടുക്കുകയാണെങ്കില്‍ എന്റെ മികച്ച സീസണായിരുന്നു.” സഞ്ജു കൂട്ടിച്ചേര്‍ത്തു.