ടീം നന്നായി കളിക്കുന്നുണ്ടല്ലോ, ഒടുവില്‍ തുറന്നടിച്ച് സഞ്ജു സാംസണ്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവസരങ്ങള്‍ കുറവാണെങ്കിലും, ടീമിന്റെ വിജയത്തില്‍ സന്തോഷവാനാണ് തുറന്ന് പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. റിഷഭ് പന്തിന്റെ തിരിച്ചുവരവ് ടീമില്‍ ഇടം നേടാന്‍ സാംസണിന് വെല്ലുവിളിയായിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയെങ്കിലും അടുത്ത പരമ്പരയില്‍ അദ്ദേഹത്തിന് ടീമില്‍ ഇടം നേടാനായില്ല. എന്നാല്‍, ഈ അവസരക്കുറവില്‍ സാംസണ്‍ അസ്വസ്ഥനല്ല, ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ അദ്ദേഹം സന്തോഷിക്കുന്നു.
‘എന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കുമ്പോഴെല്ലാം ഞാന്‍ കളിക്കാന്‍ പോകും. അത്രമാത്രം! നമ്മുടെ ടീം നന്നായി കളിക്കുന്നുണ്ടല്ലോ. ഞാന്‍ ഒരു ഉയര്‍ന്ന ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. നിയന്ത്രിക്കാവുന്ന സാഹചര്യങ്ങളില്‍ കാര്യങ്ങളെ ക്രിയാത്മകമായി കാണാനും പരിശ്രമിക്കാനും ഞാന്‍ ശ്രമിക്കുന്നു’ ഒരു പരിപാടിയില്‍ സഞ്ജു സാംസണ്‍ പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് തവണയും സാംസണ്‍ പൂജ്യനായി പുറത്തായിരുന്നു. എന്നാല്‍ അതിനു മുമ്പ്, സിംബാബ്വെയ്ക്കെതിരായ അഞ്ചാം ടി20യില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ പതറിയപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ സാംസണ്‍ ടീമിനെ രക്ഷിച്ചിരുന്നു.
2024 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ പങ്കാളിയായെങ്കിലും, പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാംസണിന് കഴിഞ്ഞില്ല. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ലോകകപ്പില്‍ ആദ്യമായി അദ്ദേഹത്തിന് അവസരം ലഭിച്ചത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സാംസണ്‍ ഐപിഎല്ലില്‍ 15 ഇന്നിംഗ്‌സുകളില്‍ നിന്ന് 48.27 ശരാശരിയിലും 153.46 സ്ട്രൈക്ക് റേറ്റിലും 531 റണ്‍സ് നേടി. എന്നാല്‍, ടി20 യില്‍ ഈ പ്രകടനം ആവര്‍ത്തിക്കാന്‍ സാംസണിന് ഇതുവരെ സാധിച്ചിട്ടില്ല. 26 ഇന്നിംഗ്‌സുകളില്‍ നിന്ന് 19.30 ശരാശരിയിലും 131.36 സ്ട്രൈക്ക് റേറ്റിലും അദ്ദേഹം 444 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്.
മറുവശത്ത്, ഏകദിനത്തില്‍ ലഭിച്ച പരിമിതമായ അവസരങ്ങളില്‍ സാംസണ്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 14 ഇന്നിംഗ്‌സുകളില്‍ നിന്ന് 56.66 ശരാശരിയിലും 99.60 സ്ട്രൈക്ക് റേറ്റിലും അദ്ദേഹം 510 റണ്‍സ് നേടിയിട്ടുണ്ട്, അതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.