ധോണിയ്ക്ക് പോലുമില്ലാത്ത അത്യപൂര്‍വ്വ റെക്കോര്‍ഡ്, സഞ്ജു കയറിയത് എലൈറ്റ് പട്ടികയില്‍

സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാളി താരം സഞ്ജു സാംസണെ തേടിയെത്തിയത് അപൂര്‍വ്വ റെക്കോര്‍ഡ്. സിംബാബ് വെയില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യയ്ക്കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡാണ് സഞ്ജു നേടിയത്.

1992 മുതല്‍ 33 ഏകദിന മത്സരങ്ങള്‍ ഇന്ത്യ സിംബാബ്വെക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ക്കും സിംബാബ്വെയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചിട്ടില്ല. ഈ കുറവാണ് സഞ്ജു നികത്തിയത്.

മത്സരത്തില്‍ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്താനും സഞ്ജു സാംസണ്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. മത്സരത്തില്‍ 43 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററാകുകയും വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളുമായി തിളങ്ങുകയും ചെയ്‌തെങ്കിലും സഞ്ജു മതിമറന്ന് സന്തോഷിക്കാന്‍ തയ്യാറായില്ല. ഒരു ഉറച്ച സ്റ്റംപിംഗ് നഷ്ടപ്പെടുത്തിയതിലായിരുന്നു സഞ്ജുവിന് നിരാശ.

മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷമാണ് സഞ്ജു ഇക്കാര്യം തുറന്നു പറഞ്ഞത്. ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാവുന്നത് എല്ലായ്‌പ്പോഴും ബാറ്ററെ കംഫര്‍ട്ടാക്കുമെന്ന് പറഞ്ഞ സഞ്ജു അത് രാജ്യത്തിനുവേണ്ടിയാകുമ്പോള്‍ കൂടുതല്‍ സ്‌പെഷലാകുന്നുവെന്നും വ്യക്തമാക്കി. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചെടുത്തു, പക്ഷെ ഞാനൊരു സ്റ്റംപിംഗ് നഷ്ടമാക്കുകയും തെയ്തു, ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് ഇന്ന് പന്തെറിഞ്ഞത്. ഒരുപാട് പന്തുകള്‍ തിനിക്കുനേരെ നല്ല രീതിയില്‍ തന്നെ വന്നുവെന്നും സഞ്ജു പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 38. ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 39 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും പറത്തിയ സഞ്ജു കരിയറില്‍ ആദ്യമായി ഇന്ത്യയുടെ ടോപ് സ്‌കോററായി.

162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 97-4 എന്ന സകോറില്‍ ഒന്ന് പതറിയെങ്കിലും ദീപക് ഹൂഡക്കൊപ്പം മികച്ച കൂട്ടുകെട്ടിലൂടെ സഞ്ജു ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി. വിജയത്തിനരികെ ഹൂഡക്ക് അടിതെറ്റിയപ്പോഴും അക്‌സര്‍ പട്ടേലിനെ സാക്ഷിയാക്കി സഞ്ജു ഇന്ത്യയെ വിജയവര കടത്തി. 2015ല്‍ സിംബാബ്വെക്കെതിരെ ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ഫിനിഷ് ചെയ്യാന്‍ കഴിയാതെ മടങ്ങിയതിന്റെ പ്രായശ്ചിത്തമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

You Might Also Like