പന്തൊന്നും പോരാ, സഞ്ജു തന്നെ ധോണിയുടെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ഇതിഹാസം

Image 3
CricketIPL

മോഹനമായ തുടക്കത്തിന് ശേഷം ഫോം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഏറെ വിമര്‍ശന കൂരമ്പുകള്‍ ഏല്‍ക്കുന്ന സഞ്ജു സാംസണ്‍ പിന്തുണയുമായി ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍. മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനായി ഡല്‍ഹി ക്യാപിറ്റല്‍സ് താരം റിഷഭ് പന്തിനെയാന്നും പരിഗണിക്കാനാകില്ലെന്നും സഞ്ജുവാണ് അതിന് യോഗ്യനെന്നും പീറ്റേഴ്‌സണ്‍ തുറന്ന് പറയുന്നു.

‘ഏറെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നമ്മളെ നിരാശപ്പെടുത്തിയ താരമാണ് റിഷഭ് പന്ത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ സ്ഥിരതയും മികവും കാട്ടണം. എന്നാല്‍ ഒരു വര്‍ഷം മുമ്പ് എന്താണോ, അതേ നിലയിലാണ് പന്തിനെ ഇപ്പോഴും കാണുന്നത്. ഇതുവരെ കളിച്ചത് പരിഗണിച്ചാല്‍ പന്തിന് സ്ഥിരതയില്ല. എന്നാല്‍ സഞ്ജു സാംസണ്‍ വ്യത്യസ്തനായ താരമാണ്. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ സഞ്ജു പുറത്തെടുത്ത ആത്മാര്‍ത്ഥതയും മികവും എന്നെ ആകര്‍ഷിച്ചു. അതിനാല്‍ പന്തിനേക്കാള്‍ മുന്‍തൂക്കം ഞാന്‍ നല്‍കുന്നത് സഞ്ജുവിനാണ്. സഞ്ജുവിന്റെ ഫിറ്റ്നസ് മികച്ചതാണെന്നും’ പീറ്റേഴ്സണ്‍ പറഞ്ഞു.

ഈ സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 32 പന്തില്‍ ഒരു ഫോറും ഒന്‍പത് സിക്സുകള്‍ സഹിതം 74 റണ്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 42 പന്തില്‍ നാല് ബൗണ്ടറിയും ഏഴ് സിക്സും സഹിതം 85 റണ്‍സും അടിച്ചെടുത്തു. രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം നേടി.

എന്നാല്‍ ഈ രണ്ട് ഇന്നിംഗ്സുകള്‍ക്കും ശേഷം സഞ്ജുവിന് തിളങ്ങാനായില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയ്‌ക്കെതിരേയും സഞ്ജു മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതോടെ സഞ്ജു മുന്‍ താരങ്ങളില്‍ നിന്നടക്കം വ്യാപക വിമര്‍ശനമാണ് ഏല്‍ക്കുന്നത്.