സഞ്ജു പുറത്തിരിക്കും, ഇഷാന് കട്ട സപ്പോര്‍ട്ടുമായി ദ്രാവിഡ്

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ഒരു ഇടവേളയ്ക്കു ശേഷമുള്ള മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവ് നിരാശയില്‍ കലാശിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ശ്രീലങ്കയ്ക്കെതിരേ ഈയാഴ്ച നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്തിന് ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് അദ്ദേഹത്തിനു ടീമിലേക്കു വിളിവന്നത്.

ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജു സാംസണ്‍ പ്ലെയിംഗ് ഇലവനില്‍ കളിക്കുന്ന കാര്യം സംശയത്തില്‍. വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്ക് ശേഷം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ ചില പരാമര്‍ശങ്ങളാണ് ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയില്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കും എന്ന സൂചന നല്‍കുന്നത്.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം ഇഷാനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു. ടി20യെന്നത് കടുപ്പമേറിയ ഫോര്‍മാറ്റാണ്. എല്ലാ സമയത്തും റിസ്‌ക് കൂടിയ ഷോട്ടുകള്‍ കളിക്കാനാണ് നമ്മള്‍ അവരോടു ആവശ്യപ്പെടുന്നത്. ചില മല്‍സരങ്ങളില്‍ അവര്‍ ടീമിലുണ്ടായിരിക്കുകയുമില്ല. ഇതല്ല അതിന്റെ രീതി. ഓരോ ഗെയിമിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. പകരം കഴിവ് തെളിയിക്കാന്‍ തുടര്‍ച്ചയായി, സ്ഥിരമായി അവസരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഇഷാന്റെ പ്രകടനത്തെക്കുറിച്ച് ദ്രാവിഡ് പറഞ്ഞത്.

ഒരു മല്‍സരത്തിലെ പ്രകടനത്തിന്റെ പേരില്‍ ഒരാളേയും വിലയിരുത്താന്‍ കഴിയില്ലെന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഇഷാന്‍ കിഷന് ഇനിയും അവസരം നല്‍കുമെന്ന രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ സഞ്ജു സാംസണിനു തിരിച്ചടിയാണ്. ഒരുപക്ഷെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇഷാന് വിശ്രമം നല്‍കി സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കാനിടയുണ്ട്. എന്നാല്‍ ആദ്യത്തെ രണ്ടു കളികളിലും സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും റിഷഭ് പന്തായിരുന്നു വിക്കറ്റ് കാത്തത്. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കിയതോടെ ഇഷാന്‍ കിഷന്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. അതു താരം ഭംഗിയായി നിറവേറ്റുകയും ചെയ്തു.

പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഇഷാന്‍ ഓപ്പണറായി ഇറങ്ങിയിരുന്നു. പക്ഷെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൂടൂതല്‍ പ്രതിരോധത്തിലൂന്നിയാണ് താരം കളിച്ചത്. 35, 2, 34 എന്നിങ്ങനെയായിരു്ന്നു സ്‌കോറുകള്‍.