വാട്‌സാപ്പില്‍ ഇപ്പോഴും ആ സന്ദേശങ്ങള്‍ വരുന്നു, ഒടുവില്‍ രക്ഷകന്‍ സഞ്ജു പറയുന്നു
11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചായിരുന്നു ഈ കിരീട നേട്ടം. 177 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 15 ഓവറുകള്‍ പിന്നിട്ടപ്പോള്‍ വിജയത്തോട് വളരെ അടുത്തെത്തിയിരുന്നു. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ഭുംറ, അര്‍ഷ്ദീപ് സിംഗ് എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യ അവസാന ഓവറുകളില്‍ തിരിച്ചുവന്ന് ദക്ഷിണാഫ്രിക്കയെ 169/8 എന്ന സ്‌കോറില്‍ തളക്കുകയായിരുന്നു.
ഈ കിരീടനേട്ടത്തില്‍ വികാരഭരിതരായ ഇന്ത്യന്‍ താരങ്ങള്‍ കണ്ണീരണിഞ്ഞു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന സഞ്ജു സാംസണ്‍ പോലും ഇന്ത്യയുടെ വിജയത്തിനുശേഷം തന്റെ വികാരങ്ങള്‍ അടക്കാനായില്ല. ലോകകപ്പ് നേടിയതിന് ശേഷം ഇപ്പോഴും ആശംസകളും ചിത്രങ്ങളും വാട്സാപ്പിലും വിവിധ സോഷ്യല്‍ മീഡിയയിലും തനിയ്ക്ക് വരുന്നുണ്ടെന്ന് സാംസണ്‍ പറയുന്നു.
‘ബാര്‍ബഡോസില്‍ നടന്ന ഫൈനലില്‍ 20-ാം ഓവറിലെ അവസാന പന്ത് എറിഞ്ഞപ്പോള്‍ ഞങ്ങള്‍ വിജയിച്ചു. അടുത്ത 1-2 മണിക്കൂര്‍ എനിക്ക് സന്തോഷം നിര്‍ത്താന്‍ കഴിഞ്ഞില്ല, വികാരങ്ങള്‍ വളരെ ഉയര്‍ന്നതായിരുന്നു,’ സാംസണ്‍ പറഞ്ഞു.
‘ഇത്രയും അത്ഭുതകരമായ ഒരു ടീമിന്റെ ഭാഗമാകാന്‍ എനിക്ക് വളരെ ഭാഗ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബിസിസിഐ, പരിശീലകന്‍, ക്യാപ്റ്റന്‍, സംഭാവന നല്‍കിയ എല്ലാവര്‍ക്കും എല്ലാ ക്രെഡിറ്റും നല്‍കുന്നു. ഇത് ഒരു ടീമിന്റെ കൂട്ടായ ശ്രമമായിരുന്നു, എല്ലാവരും നിര്‍ണായക പരിശ്രമങ്ങള്‍ നടത്തി’ സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദൂബെ എന്നിവരാണ് ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് നിലവില്‍ സിംബാബ്വേയില്‍ നടക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള മൂന്ന് അംഗങ്ങള്‍. ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും, തുടര്‍ന്നുള്ള നാല് മത്സരങ്ങളിലും ഇന്ത്യ മികച്ച വിജയം നേടി പരമ്പര സ്വന്തമാക്കി.
അവസാന മത്സരത്തില്‍ സഞ്ജു തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചിരുന്നു. മത്സരത്തില്‍ 45 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം 58 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തില്‍ 42 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.