സഞ്ജുവിന് സമാശ്വാസവുമായി പീറ്റേഴ്‌സണ്‍, നല്‍കുന്ന ഉപദേശം ഇതാണ്

Image 3
CricketIPL

ഐപിഎല്ലില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് വിമര്‍ശന കൂരമ്പുകളേല്‍ക്കുന്ന രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് ആശ്വാസവുമായി മുന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. സഞ്ജുവിന്റെ ബാറ്റിംഗ് മികവിനെ പ്രകീര്‍ത്തിക്കുന്ന പീറ്റേഴ്‌സണ്‍ എന്നാല്‍ സ്ഥിരത പുലര്‍ത്തമെന്നും ഉപദേശിക്കുന്നു.

ഐപിഎലില്‍ ഓരോ വര്‍ഷവും സഞ്ജു സാംസണിന്റെ പ്രകടനം ഏറെ ഇഷ്ടപ്പെടുന്നെന്നും കെവിന്‍ പീറ്റേഴ്‌സന്‍ പറഞ്ഞു.

‘വിസ്മയിപ്പിക്കുന്ന ഷോട്ടുകളാണ് സഞ്ജു പായിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജുവിന്റെ സെഞ്ചുറി ഏറെ മതിപ്പുളവാക്കുന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ മത്സരത്തില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ സഞ്ജുവിനു സാധിച്ചില്ല. ഏതാനും ആഴ്ചകള്‍ സംസാരിച്ചുകൊണ്ടിരുക്കുന്ന ഏക ഇന്നിങ്‌സ് ആയി അത് മാറാന്‍ പാടില്ല.’ പീറ്റേഴ്‌സന്‍ പറഞ്ഞു.

‘ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ ഉത്തരവാദിത്തം വര്‍ധിച്ചു. ബെന്‍ സ്റ്റോക്‌സിന്റെ അഭാവം പരിഹരിക്കേണ്ട ചുമതലയും സഞ്ജുവിനുണ്ട്. സഞ്ജു തന്റെ പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ സഞ്ജുവിന് സ്ഥിരത നഷ്ടപ്പെടുന്ന പ്രവണതയുണ്ട്. കഴിഞ്ഞ വര്‍ഷം മത്സരങ്ങളുടെ കമന്ററി നടത്തവെ പല തവണ ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ ഈ പോരായ്മ സഞ്ജു പരിഹരിക്കണം.’ പീറ്റേഴ്‌സന്‍ പറഞ്ഞു.

നേരത്തെ രാജസ്ഥാന്റെ ബംഗളൂരുവിനെതിരായ മത്സരശേഷം സഞ്ജു സാംസണെ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തെത്തിയിരുന്നു. അവസാനത്തെ കുറച്ച് ഐപിഎല്ലുകള്‍ പരിശോധിച്ചാല്‍ സ്ഥിരത സഞ്ജുവിന് ഒരു പ്രശ്നമാണെന്ന് മനസിലാക്കാമെന്ന് പറയുന്ന ഗംഭീര്‍, ചിലപ്പോള്‍ 80-90 റണ്‍സ് അദ്ദേഹം നേടുമെന്നും അല്ലാത്തപ്പോള്‍ ഒന്നും നേടുന്നില്ലെന്നും കുറ്റപ്പെടുത്തി.

നേരത്തെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് സഞ്ജു ഐപിഎല്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീടുളള മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് തിളങ്ങാനായില്ല. ഇതോടെ കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ യുവതാരം നേരിടുന്നത്.