വീണ്ടും സഞ്ജുവിനെ നിര്‍ഭാഗ്യം വേട്ടയാടുന്നു, ടീമിന് പുറത്തായ കാരണമിതാണ്

Image 3
CricketTeam India

ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ മലയാളി താരം സഞ്ജു സാംസണിനോ, ഓപ്പണര്‍ യശ്വസ്വി ജയ്‌സ്വാളിനോ കഴിഞ്ഞിരുന്നില്ല. ഇരുവരും ടീമിനൊപ്പം എല്ലാ മത്സരത്തിലും യാത്ര ചെയ്‌തെങ്കിലും ലോകകപ്പില്‍ ഒന്ന് ബാറ്റ് ചെയ്യാന്‍ ഇരുവര്‍ക്കും അവസരം കിട്ടിയില്ല. ലോകകപ്പിലെ അപ്രധാന മത്സരങ്ങളിലെങ്കിലും ഇരുവര്‍ക്കും അവസരം നല്‍കണമെന്ന് ക്രിക്കറ്റ് ലോകം മുറവിളി കൂട്ടിയിരുന്നെങ്കിലും അതൊന്നും ചെവികൊള്ളാന്‍ മാനേജുമെന്റ് തയ്യാറായില്ല.

ഇതോടെ ലോകകപ്പിന് ശേഷം നടക്കുന്ന സിംബാബ് വെ പര്യടനത്തില്‍ തിളങ്ങാം എന്നായിരുന്നു ഇരുവരുടേയും പ്രതീക്ഷ. അതുവരെ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിദ്ധ്യമാകാമെന്നും കണക്ക് കൂട്ടി.

എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ ഇരു താരങ്ങള്‍ക്കും വീണ്ടും നിര്‍ഭാഗ്യമായി മാറിയിരിക്കുകയാണ്. ഇരുവര്‍ക്കും പുറമെ ലോകകപ്പില്‍ കളിച്ച ശിവം ദുബെയ്ക്കും റിസര്‍വ് താരങ്ങളായ റിങ്കു സിംഗിനും ഖലീല്‍ അഹമ്മദിനൊന്നും ഇതുവരെ ബാര്‍ബഡോസ് വിടാനായിട്ടില്ല. ഇവര്‍ ഇന്ത്യന്‍ ടീമിനൊപ്പം ബുധനാഴ്ച്ച ന്യൂഡല്‍ഹിയിലെത്തി അവിടെ നിന്നും ഹരാരെയ്ക്ക് പറക്കാനാണ് പദ്ധതിയിടുന്നത്.

ഈ സാഹചര്യത്തിലാണ് സിംബാബ് വെയ്‌ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളടങ്ങിയ ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്താന്‍ ബിസിസിഐ തീരുമാനിച്ചത്. ലോകകപ്പ് ജേതാക്കളായ ശിവം ദുബെ, സഞ്ജു സാംസണ്‍, യശ്വസ്വി ജയ്‌സ്വാള്‍ എന്നിവരെ ആദ്യ രണ്ട് മത്സരത്തിനുളള ടീമില്‍ നിന്ന് മാറ്റി പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ്മ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തി. അവസാന മൂന്ന് മത്സരങ്ങളിലാകും സഞ്ജുവും ദുബെയും ജയ്‌സ്വാളും കളിക്കുക.

അതെസമയം ബാര്‍ബഡോസില്‍ ഉളള റിസര്‍വ് താരങ്ങളായ റിങ്കു സിംഗിനോ ഖലീല്‍ അഹമ്മദിനോ പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല. ഇരുവരേയും ആദ്യ രണ്ട് ടി20യ്ക്കുളള ടീമില്‍ ബിസിസിഐ നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ ലോകകപ്പ് കളിക്കാതെ ടീമിലുളള കാരണത്താല്‍ സഞ്ജുവടക്കമുളള താരങ്ങള്‍ക്ക് വീണ്ടും പ്ലേയിംഗ് ടൈം നഷ്ടപ്പെടുകയാണ്.