ഒടുവില്‍ സഞ്ജുവിനെ കൈവിട്ട് ഗംഭീറും, രൂക്ഷവിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വിലാസവുമില്ലാത്ത സമയത്ത് സഞ്ജുവിനായി വാദിച്ച താരമാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സഞ്ജുവിനെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്ന് പലതവണ പരസ്യ പ്രസ്ഥാവന നടത്തിയ ഗംഭീറും ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെ കൈവിട്ടിരിക്കുകയാണ്.

ഐപിഎല്ലില്‍ രാജസ്ഥാന്റെ ബംഗളൂരുവിനെതിരായ മത്സരശേഷം സഞ്ജു സാംസണെ വിമര്‍ശിച്ച് ഗംഭീര്‍ രംഗത്തെത്തി. അവസാനത്തെ കുറച്ച് ഐപിഎല്ലുകള്‍ പരിശോധിച്ചാല്‍ സ്ഥിരത സഞ്ജുവിന് ഒരു പ്രശ്‌നമാണെന്ന് മനസിലാക്കാമെന്ന് പറയുന്ന ഗംഭീര്‍, ചിലപ്പോള്‍ 80-90 റണ്‍സ് അദ്ദേഹം നേടുമെന്നും അല്ലാത്തപ്പോള്‍ ഒന്നും നേടുന്നില്ലെന്നും ഗംഭീര്‍ കുറ്റപ്പെടുത്തുന്നു.

പ്രമുഖ കായിക മാധ്യമമായ ഇ എസ് പി എന്‍ ക്രിക്ക് ഇന്‍ഫോയോട് സംസാരിക്കവെയാണ് ഗംഭീര്‍ സഞ്ജുവിനെ കുറിച്ച് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.

”ഒരു നല്ല കളികാരന്റെ ഗ്രാഫ് എല്ലായ്‌പ്പോളും മധ്യത്തില്‍ തുടരും. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്‌സ് എന്നീ മികച്ച കളികാരുടെ ഗ്രാഫ് നോക്കൂ, 80 റണ്‍സ് നേടിക്കഴിഞ്ഞുള്ള മത്സരങ്ങളില്‍ അവര്‍ 0, 1, 10 എന്നിങ്ങനെയുള്ള സ്‌കോറുകളില്‍ പുറത്താകുന്നില്ല. മറിച്ച് 30-40 റണ്‍സ് നേടിക്കൊണ്ട് അവര്‍ ടീമിനായി സംഭാവന ചെയ്യുന്നു’ ഗംഭീര്‍ പറയുന്നു.

‘സഞ്ജു സാംസണിന്റെ ഗ്രാഫ് പരിശോധിക്കുകയാണെങ്കില്‍ ഒന്നെങ്കില്‍ അദ്ദേഹം 80-90 റണ്‍സ് നേടും. അല്ലെങ്കില്‍ ഒന്നും നേടുന്നില്ല എന്ന് കാണാം. ഗ്രാഫില്‍ വളരെയധികം ഏറ്റക്കുറച്ചിലുകള്‍ വരുന്നുണ്ടെങ്കില്‍ അത് മാനസികാവസ്ഥയുടെ പ്രശ്‌നമാണ്.’ ഗംഭീര്‍ തുറന്നടിച്ചു.

നേരത്തെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടാണ് സഞ്ജു ഐപിഎല്‍ ആരംഭിച്ചത്. എന്നാല്‍ പിന്നീടുളള മൂന്ന് മത്സരങ്ങളില്‍ സഞ്ജുവിന് തിളങ്ങാനായില്ല. ഇതോടെ കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ യുവതാരം നേരിടുന്നത്.

You Might Also Like