സിംഗിള്‍ വിവാദത്തിന് പുറമെ സഞ്ജുവിന് നേരെ ‘മോഷണ കുറ്റവും’

ഐപിഎല്ലില്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി താരം നായകനായി ഇറങ്ങിയ മത്സരം എന്ത് കൊണ്ടും സംഭവ ബഹുലമായിരുന്നു. സഞ്ജു മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ രജാസ്ഥാന് തോറ്റെങ്കിലും ആരാധകര്‍ക്ക് അത് എന്നെന്നും ഓര്‍മയില്‍ തങ്ങുന്ന മത്സരമായി മാറി.

പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത രാജസ്ഥാനായി സഞ്ജു 63 പന്തില്‍ 119 റണ്‍സെടുത്തെങ്കിലും, നാലു റണ്‍സിനാണ് ടീം തോറ്റത്.

മത്സരം ആവേശകരമായ ഒട്ടേറെ നിമിഷങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നെങ്കിലും, മത്സരം തുടങ്ങും മുന്‍പേ മൈതാനത്ത് കണ്ട രസകരമായൊരു കാഴ്ചയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മത്സരത്തിന്റെ ടോസിങ്ങിനിടെയാണ് സംഭവം. ഈ മത്സരത്തിലൂടെ രാജസ്ഥാന്റെ ക്യാപ്റ്റനായി അരങ്ങേറിയ സഞ്ജുവും പഞ്ചാബ് കിങ്‌സ് നായകന്‍ കെ.എല്‍. രാഹുലുമാണ് ടോസിനായി എത്തിയത്.

മാച്ച് റഫറി മനു നയ്യാറിനെ സാക്ഷിയാക്കി ടോസിട്ടത് രാജസ്ഥാന്‍ നായകന്‍ സഞ്ജു. രാഹുല്‍ ‘ഹെഡ്’ വിളിച്ചെങ്കിലും മറിച്ചാണ് വീണത്. ഇതോടെ കന്നിയങ്കത്തില്‍ ടോസ് സഞ്ജുവിന്. തൊട്ടുപിന്നാലെ ടോസിട്ട കോയിന്‍ കയ്യിലെടുക്കാന്‍ മാച്ച് റഫറി മനു നയ്യാര്‍ ശ്രമിച്ചപ്പോഴാണ് സഞ്ജുവിന്റെ രസകരമായ ഇടപെടലുണ്ടായത്.

മാച്ച് റഫറി കോയിനെടുക്കും മുന്‍പേ കുനിഞ്ഞ് അത് കൈക്കലാക്കുകയായിരുന്നു സഞ്ജു, അദ്ദേഹത്തിന്റെ നീട്ടിയ കൈകളെ അവഗണിച്ച് കോയിന്‍ പോക്കറ്റിലേക്കിട്ടു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന്റെ ഓര്‍മയ്ക്കായാണ് താരം കോയിന്‍ പോക്കറ്റിലാക്കിയതെന്ന് വ്യക്തം. മാച്ച് റഫറിയാകട്ടെ, കൂടുതലൊന്നും പറയാന്‍ നില്‍ക്കാതെ മൈതാനം വിടുകയും ചെയ്തു.

എന്തായാലും മത്സരം ആരംഭിക്കും മുന്‍പേ ടോസ് കോയിന്‍ ‘അടിച്ചുമാറ്റിയ’ സഞ്ജുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒട്ടേറെ
ആരാധകരാണ് ഈ വിഡിയോ പങ്കുവച്ചത്

എന്നാല്‍ സംഭവത്തെ കുറിച്ച് സഞ്ജു പറയുന്നത് ഇങ്ങനെയാണ്. ‘കാണാന്‍ മനോഹരമായതിലാണ് നാണയം എടുത്തത്. നാണയം സ്വന്തമാക്കാനാകുമോ എന്ന് റഫറിയോട് ചോദിച്ചു. എന്നാല്‍ അദേഹം അനുവദിച്ചില്ല’ എന്നും സഞ്ജു പറഞ്ഞു.

You Might Also Like