പിറന്നത് 29 സിക്‌സുകള്‍, സഞ്ജുവിനേയും തെവാത്തിയയേയും ക്രിക്കറ്റ് ലോകത്തിന് എങ്ങനെ മറക്കാനാകും

ഈ മത്സരത്തെ എന്ത് വിശേഷിപ്പിക്കണം. ടി20 മത്സരത്തിന്റെ സൗന്ദര്യം എല്ലാം തികഞ്ഞ ഐപിഎല്‍ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നാല് വിക്കറ്റിന് തോല്‍പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റവും വലിയ വിജയം എന്ന നേട്ടവും രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

വാളെടുത്തവരെല്ലാം വെളിച്ചപാടായ മത്സരത്തില്‍ രാജസ്ഥാനായി മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനം നിര്‍ണ്ണായകമായി. കേവലം 42 പന്തില്‍ നാല് ഫോറും ഏഴ് കൂറ്റന്‍ സിക്‌സുകളുമാണ് സാംസണ്‍ അടിച്ച് കൂട്ടിയത്. ഇതോടെ ഐപിഎല്ലില്‍ 100 സിക്‌സ് എന്ന നേട്ടവും സഞജു സ്വന്തമാക്കി.

നായകന്‍ സ്റ്റീവ് സ്മിത്ത് 27 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 50 റണ്‍സും നേടി. സഞ്ജു ടീം സ്‌കോര്‍ 161ല്‍ നില്‍ക്കെ പുറത്തായതോടെ വിജയം ഉറപ്പിച്ച പഞ്ചാബിനെ ഞെട്ടിച്ച് യുവതാരം രാഹുല്‍ തെവാട്ടിയ നടത്തിയ മിന്നലാക്രമണമാണ് രാജസ്ഥാനെ വിജയ തീരത്തെത്തിച്ചത്. 31 പന്തില്‍ ഏഴ് സിക്‌സ് സഹിതം 53 റണ്‍സെടുത്ത് തെവാത്തിയ പുറത്തായപ്പോഴേക്കും രാജസ്ഥാന്‍ വിജയം ഉറപ്പിച്ചിരുന്നു.

ബാറ്റിംഗിന്റെ തുടക്കത്തില്‍ പന്ത് കണക്റ്റ് ചെയ്യാനാകാതെ വിഷമിച്ച രാഹുല്‍ പിന്നീട് സംഹാര രൂപം പ്രപിക്കുന്നതാണ് കണ്ടത്. പഞ്ചാബ് ബൗളര്‍ കോട്ട്‌റെല്ലിനെ ഒരോവറില്‍ അഞ്ച് സിക്‌സാണ് താരം പായിച്ചത്. ഇതിനിടെ എത്തിയ ആര്‍ച്ചര്‍ മൂന്ന് പന്തില്‍ രണ്ട് സിക്‌സ് സഹിതം പുറത്താകാതെ 13 റണ്‍സും നേടിയിരുന്നു. നാല് റണ്‍സുമായി ടോം കുറാനാണ് രാജസ്ഥാന്റെ വിജയ ബൗണ്ടറി കുറിച്ചത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റഇംഗിനിറങ്ങിയ പഞ്ചിനായി ഓപ്പണര്‍മാരായ കെഎല്‍ രാഹുലും മായങ്ക് അഗര്‍വാളും 163 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. അഗര്‍വാള്‍ സെഞ്ച്വറി നേടി. 50 പന്തില്‍ 10 ഫോറും ഏഴ് സിക്‌സും സഹിതം 106 റണ്‍സാണ് എടുത്തത്. കെഎല്‍ രാഹുല്‍ 54 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 69 റണ്‍സും എടുത്ത് പുറത്തായി. മാക്‌സ് വെല്‍ 13ഉം പൂറാന്‍ എട്ട് പന്തില്‍ 25ഉം റണ്‍സുമെടുത്ത പുറത്താകാതെ നിന്നു.

രാജസ്ഥാന്‍ റോയല്‍സ്-കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക ന്യൂസ് എഡിറ്ററുമായ കമാല്‍ വരദൂര്‍ വിലയിരുത്തുന്നു

You Might Also Like