പറയാതെ വയ്യ, ആരും അവന് പരവതാനി വിരിച്ചിട്ടില്ല, നന്നായി അവഗണനയ്ക്ക് ഇരയായിട്ടുണ്ട്, കൂടെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനം

ഇജാസ് ഇഖ്ബാല്‍

2014 ലാണ് ഏകദിന ടീമിലേക്ക് ആദ്യമായി മലയാളിയായ സഞ്ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2015 ല്‍ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 കളിച്ച സഞ്ജുവിന് ആദ്യ ഏകദിനം കളിക്കാന്‍ 6 വര്‍ഷത്തിലധികം കാത്തിരിക്കേണ്ടി വന്നു എന്നത് സഞ്ജുവിന്റെ നിര്‍ഭാഗ്യം എന്നു പറയേണ്ടിവരും. ഈ കാര്യത്തില്‍ വേറൊരു താരവും ഇങ്ങനെ കാത്തിരിക്കേണ്ടി വന്നിട്ടില്ല. 2015 ല്‍ 15 വയസ്സുണ്ടായിരുന്ന പ്രിത്വി ഷാ വരെ ആറു ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ അവഗണിച്ചിട്ടുണ്ടോ? സഞ്ജു സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാന്‍ ആണോ?

സഞ്ജു ഇതുവരെ 7 ട്വന്റി 20 കളിച്ചിട്ടുണ്ട്. അതില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 23 ആണ്. ഈ കണക്കു വെച്ചു നോക്കിയാല്‍ അദ്ദേഹം ഒരു സ്ഥിരതയില്ലാത്ത ബാറ്റ്‌സ്മാന്‍ എന്നു പറയാം. എന്നാല്‍ ഇതില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയത് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ സീരീസില്‍ മാത്രമാണ്.

തന്റെ ജൂനിയേഴ്സ് ആയ ഋഷഭ് പന്ത് ഒക്കെ എത്ര അവസരങ്ങള്‍ കൊടുത്തിട്ടാണ് ഫോമില്‍ എത്തിയതെന്ന് ഓര്‍ക്കണം. രോഹിത് ശര്‍മ വരെ 2013 വരെ സ്‌കോര്‍ ചെയ്യാന്‍ കഷ്ടപ്പെട്ടിരുന്നു. അതൊക്കെ വെച്ചു നോക്കുമ്പോള്‍ സഞ്ജുവിന് ആ രീതിയില്‍ ആനുകൂല്യങ്ങള്‍ കിട്ടിയിട്ടില്ല.

ഈ പരമ്പരയിലേക്ക് വരുവാണേല്‍ ആദ്യ ഏകദിനത്തില്‍ സഞ്ജു കളിക്കും എന്നാണ് കരുതിയിരുന്നത്. കാരണം ബി ടീം എന്നു പറയുന്ന ഈ ടീമില്‍ സീനിയര്‍ താരം തന്നെയായിരുന്നു സഞ്ജു. എന്നാല്‍ പരിക്ക് അവിടെ വില്ലനായി. ആദ്യ ഏകദിനം നഷ്ടമായി. രണ്ടാം ഏകദിനത്തില്‍ പരിക്ക് ഭേതമായെങ്കിലും മാറ്റങ്ങള്‍ ഒന്നുമില്ലാതെ ഇന്ത്യ ഇറങ്ങിയത് കൊണ്ട് അവിടെയും കാത്തിരിപ്പ് നീണ്ടു.

മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പരമ്പര നേടിയതിനാല്‍ സഞ്ജു ഇറങ്ങുമെന്ന് ഉറപ്പായിരുന്നു.അങ്ങനെ മൂന്നാം ഏകദിനത്തില്‍ അവസരം കിട്ടുന്നു. ആദ്യ ഏകദിനം കളിക്കുന്ന സമ്മര്‍ദത്തില്‍ മോശമായി കളിക്കുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ബോള്‍ മുതല്‍ വളരെ ആത്മവിശ്വാസത്തില്‍ പതുക്കെ ഏകദിന ശൈലിയില്‍ തന്നെയാണ് ബാറ്റു ചെയ്തത്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ ആയതിനു ശേഷം വളരെ പക്വതയോടെയാണ് അദ്ദേഹം കളിക്കുന്നത്. അത് ഇന്നത്തെ കളിയിലും കാണുവാന്‍ സാധിച്ചു.

പതുക്കെ കളിച്ചിട്ടു പോലും 100 സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്തു. അവസാനം ഫിഫ്റ്റിക്ക് 4 റണ്‍സ് അകലെ ആ മനോഹരമായ ഇന്നിംഗ്‌സ് അവസാനിച്ചു. ആദ്യ ഏകദിനത്തില്‍ 46 റണ്‍സ്.

ഇനി അടുത്തൊന്നും ഏകദിന പരമ്പര ഇല്ലാത്തത് കൊണ്ട് അടുത്ത ഏകദിന പരമ്പരയില്‍ ഉണ്ടാകുമെന്ന ഉറപ്പൊന്നുമില്ല. എന്നാല്‍ ഈ ട്വന്റി 20 സീരീസ് അദ്ദേഹത്തിന് നിര്‍ണായകമാണ്, ട്വന്റി 20 ലോകകപ്പില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി. അതിന് ചെറിയ കളി ഒന്നും കാര്യമില്ല. തന്റെ സ്ഥിരതയില്ലായിമ എന്നു പറയുന്നതിനെ മാറ്റുവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ.

ആശംസകള്‍.. സഞ്ജു വി സാംസണ്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like