എത്ര നന്നായി കളിച്ചാലും സഞ്ജു ലോകകപ്പില്‍ കളിക്കില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം

ഐപിഎല്‍ കഴിഞ്ഞാല്‍ ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിനായാണ്. അതിനാല്‍ തന്നെ ഐപിഎല്‍ മികച്ച പ്രകടനം കാഴ്്ച്ചവെക്കേണ്ടത് ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ എല്ലാ താരങ്ങള്‍ക്ക് അ്‌നിവാര്യമായാണ്. നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനം കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ ഐപിഎല്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കും.

എന്നാല്‍ ഈ സ്ഥാനത്തിനായുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ ഉണ്ടാവില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ തുറന്ന് പറയുന്നത്.

‘ജിതേഷ് ആയിരുന്നു ട്വന്റി20യിലെ ഇന്ത്യയുടെ കീപ്പര്‍. എന്നാല്‍ ഇപ്പോള്‍ പന്ത് തിരികെ എത്തിയിട്ടുണ്ട്. പന്ത് എല്ലായിപ്പോഴും ആവേശം വിതറുന്ന ക്രിക്കറ്റര്‍ ആണ്. മാത്രമല്ല അവനൊരു മാച്ച് വിന്നര്‍ കൂടിയാണ്. മത്സരം ഏതു സാഹചര്യത്തില്‍ നിന്നും സ്വന്തമാക്കാന്‍ പന്തിന് സാധിക്കും. പക്ഷേ ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പന്ത് കളിക്കളത്തിലേക്ക് തിരികെയെത്തുന്നത്. അതിനാല്‍ തന്നെ ഐപിഎല്ലിലെ 14 മത്സരങ്ങളില്‍ പന്ത് എങ്ങനെ കളിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്’- പത്താന്‍ പറയുന്നു.

‘രാഹുല്‍ ലഖ്‌നൗ ടീമായി ആദ്യ മത്സരത്തില്‍ ഓപ്പണിങാണ് ഇറങ്ങിയത്. ഐപിഎല്‍ ഫ്രാഞ്ചൈസിയില്‍ ഒരു താരം ഏത് പൊസിഷനിലാണോ കളിക്കുന്നത് അതേ പൊസിഷനില്‍ തന്നെ ഇന്ത്യന്‍ ടീമിലും കളിപ്പിക്കാനാവും ഇന്ത്യ തയ്യാറാവുക. അതിനാല്‍ തന്നെ മധ്യനിരയില്‍ രാഹുല്‍ കളിക്കുമോ എന്ന കാര്യം ഈ ഐപിഎല്‍ സീസണിന്റെ മധ്യഭാഗത്ത് മാത്രമേ അറിയാന്‍ സാധിക്കൂ. കാരണം ദേവദത് പടിക്കല്‍, കൈല്‍ മേയെഴ്‌സ്, ഡികോക്ക് എന്നീ താരങ്ങള്‍ ലക്‌നൗവിന് ഓപ്പണര്‍മാരായുണ്ട്. അതിനാല്‍ തന്നെ രാഹുലിന് മധ്യനിരയില്‍ കളിക്കാന്‍ സാധിക്കും’ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

‘നിര്‍ഭാഗ്യവശാല്‍ ട്വന്റി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റില്‍ നിന്ന് ഞാന്‍ സഞ്ജു സാംസനെ പുറത്താക്കുകയാണ്. ഇതിനു പ്രധാന കാരണം സഞ്ജു മുന്‍നിര ബാറ്ററാണ് എന്നുള്ളതാണ്’ പത്താന്‍ പറഞ്ഞു.

‘നിലവില്‍ ഇന്ത്യന്‍ ടീമില്‍ മുന്‍നിര ബാറ്റര്‍മാരുടെ ഒരു വലിയ നിര തന്നെയാണുള്ളത്. രോഹിത് ശര്‍മ, ജൈസ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിങ്ങനെ നീളുന്നു ലിസ്റ്റ് അതിനാല്‍ തന്നെ ഇത്തവണത്തെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഉണ്ടാവില്ല എന്ന് ഞാന്‍ കരുതുന്നു.’ പത്താന്‍ പറഞ്ഞു നിര്‍ത്തി.

 

You Might Also Like