തനിയ്ക്ക് വേണ്ടിയും കളിയ്ക്കാന്‍ പഠിച്ച് സഞ്ജു, ആ അപകടം അയാള്‍ കൃത്യമായി മനസ്സിലാക്കി
വെസ്റ്റിന്‍ഡീസിനെതിരെ നാലാം ടി20 തുടങ്ങും മുമ്പ് പ്ലെയിംഗ് ഇലവന്‍ പുറത്ത് വന്നതോടെ ടീമില്‍ ഇടംപിടിച്ച സഞ്ജു സാംസണിനെ കുറിച്ച് പ്രമുഖ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലേ ഒരു നിരീക്ഷണം പങ്കുവെച്ചിരുന്നു. ഏഷ്യ കപ്പിനുളള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ സഞ്ജുവിനുളള ഒഡീഷനാണ് നാലാം ടി20യെന്നാണ് ഭോഗ്ലേ പറഞ്ഞത്. മത്സരം അവസാനിച്ചുകഴിഞ്ഞപ്പോള്‍ സഞ്ജു ഒഡീഷന്‍ ഏതാണ്ട് വിജയിച്ചതായി തന്നെയാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നതും.
അല്‍സാരി ജോസഫിന്റെ പന്തില്‍ ബ്രെണ്ടന്‍ കിംഗ് പിടിച്ച് ദീപക് ഹൂഡ പുറത്തായതോടെയാണ് മത്സരത്തിന്റെ 11ാം ഓവറിലെ 3ാം പന്തില്‍ സഞ്ജു ക്രീസിലെത്തിയത്. സാദാരണയായി തന്റെ മുഴുവന്‍ പ്രഹര ശേഷിയും എടുത്ത് ഒരോ പന്തും സിക്‌സ് പറത്താന്‍ ശ്രമിക്കാറുളള സഞ്ജു സെന്‍സബിള്‍ ഇന്നിംഗ്‌സ് ആണ് ഇത്തവണ കാഴ്ച്ചവെച്ചത്.
വിക്കറ്റ് പോകരുതെന്ന് തനിയ്ക്ക് നിര്‍ബന്ധമുളളത് പോലെയായിരുന്നു സഞ്ജു ഓരോ പന്തും നേരിട്ടത്. നേരത്തെ ടീമിനായി കളിച്ച് ആദ്യ പന്ത് മുതല്‍ വെടിക്കെട്ട് നടത്തി ക്യാച്ച് നല്‍കി മടങ്ങാറുളള സഞ്ജു ഇത്തവണ തനിയ്ക്ക് കൂടി വേണ്ടി കളിയ്ക്കുകയായിരുന്നു.
ഇതോടെ മോശം പന്തില്‍ ബൗളര്‍ക്ക് കഠിന ശിക്ഷനല്‍കിയ സഞ്ജു മറ്റ് പന്തുകളില്‍ റിസ്‌കി ഷോട്ടുകള്‍ക്ക് മുതിരാതെ സ്‌ട്രൈക്ക് കൈമാറുകയായിരുന്നു. ഫലമോ നീണ്ട ഒന്‍പത് ഓവറുകളോളം ക്രീസില്‍ നിന്നിട്ടും സഞ്ജുവിനെ പുറത്താക്കാന്‍ കാര്യമായ ഒരു അവസരം പോലും വിന്‍ഡീസിന് ലഭിച്ചില്ല. 23 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 30 റണ്‍സാണ് സഞ്ജു നേടിയത്.
സഞ്ജു കുറച്ച് കൂടി വേഗത്തില്‍ ബാറ്റേന്തണമെന്നും എല്ലാ പന്തും സിക്‌സ് അടിക്കണമെന്നുമെല്ലാം ആരാധകര്‍ക്ക് ആഗ്രഹമുണ്ടാകും. എന്നാല്‍ ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ആരാധകര്‍ക്കും തന്റെ ചോതനയ്ക്കും വേണ്ടി സഞ്ജു കളിച്ചിരുന്നെങ്കില്‍ മലയാളി താരത്തിന്റെ കരിയര്‍ എന്‍ഡിന്റെ പ്രധാന കാരണം കൂടിയാകുമായിരുന്നു അമേരിക്കയിലെ ഈ പിച്ച്. ആ അപകടം കൃത്യമായി മനസ്സിലാക്കി ടീമില്‍ സ്ഥാനമുറപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കൂടി മത്സരത്തെ സഞ്ജു ഉപയോഗപ്പെടുത്തുകയായിരുന്നു.