സഞ്ജുവിന്റെ നിര്‍ണ്ണായക ഇടപെടല്‍, ഇന്ത്യ ആ മണ്ടത്തരം കാട്ടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്

സിംബാബ്വേയ്ക്കെതിരായ അഞ്ചാം ടി20യില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്. മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും തിളങ്ങി. 42 റണ്‍സിന്റെ ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.
45 പന്തുകളില്‍ നിന്ന് 4 സിക്‌സറുകളും ഒരു ഫോറും അടക്കം 58 റണ്‍സ് നേടിയ സഞ്ജുവാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ശക്തമായ അടിത്തറ പാകിയത്. വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഒരു പറക്കും ക്യാച്ചടക്കം രണ്ട് ക്യാച്ചുകള്‍ പിടിച്ച അദ്ദേഹം നിര്‍ണായക ഘട്ടത്തില്‍ ഇന്ത്യക്ക് ഒരു വിലപ്പെട്ട റിവ്യു നഷ്ടപ്പെടാതിരിക്കാനും സഹായിക്കുകയും ചെയ്തു.
എട്ടാം ഓവറില്‍ രവി ബിഷ്ണോയിയുടെ അമിതാവേശം കണ്ട് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ റിവ്യൂ എടുക്കാന്‍ തുനിഞ്ഞപ്പോഴാണ് സഞ്ജുവിന്റെ ഇടപെടല്‍ നിര്‍ണായകമായത്. ബോള്‍ ഉയരത്തിലാണെന്ന് ഗില്ലിനെ ബോധ്യപ്പെടുത്തിയ സഞ്ജു റിവ്യൂ വേണ്ടെന്ന് വയ്ക്കാന്‍ ഗില്ലിനെ പ്രേരിപ്പിച്ചു. പിന്നീട് റീപ്ലേകളില്‍ ഇത് ശരിയാണെന്ന് തെളിയുകയും ചെയ്തു.
ഈ പരമ്പരയില്‍ കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുള്ളൂ. എന്നാല്‍ അഞ്ചാം മത്സരത്തില്‍ പവര്‍പ്ലേയില്‍ തന്നെ ബാറ്റിംഗിനിറങ്ങിയ അദ്ദേഹം ഫിഫ്റ്റിയോടെ തിളങ്ങി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായി.
ബിഷ്നോയിയുടെ ആവേശം കണ്ട് ഗില്‍ വീണ്ടുമൊരു റിവ്യു എടുത്തിരുന്നെങ്കില്‍ അതും പാഴായിപ്പോവുമായിരുന്നു. പിന്നീട് ഇന്ത്യക്കു റിവ്യുകളും ശേഷിക്കില്ലായിരുന്നു. പക്ഷെ സഞ്ജുവിന്റെ സമയോചിത ഇടപെടല്‍ കാരണം അനുഭവസമ്പത്ത് കുറഞ്ഞ ഗില്‍ രക്ഷപ്പെടുകയും ചെയ്തു.