എന്നെ വീഴ്ത്തിയത് സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

ഐപിഎല്ലിലെ ഏറ്റവും മികച്ച പ്രകടനം രാജസ്ഥാന്‍ റോയല്‍സിനായി നായകനും മലയാളിയുമായ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറിയാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം റിതീന്ദര്‍ സിംഗ് സോധി. ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളെ കുറിച്ച് സംസാരിച്ചപ്പോഴാണ് സഞ്ജുവിന്റെ സെഞ്ച്വറിയാണ് തനിയ്ക്ക് പ്രിയപ്പെട്ടതെന്ന് സോധി തുറന്ന് പറഞ്ഞത്.

‘ടി20യില്‍ സെഞ്ചുറി അടിച്ചെടുക്കുക എളുപ്പമുള്ള കാര്യമല്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കണം. നിലയുറപ്പിക്കാനുള്ള സമയം പോലും കിട്ടില്ല. വേഗത്തില്‍ സിംഗിളും ഡബ്ബിളും ഓടിയെടുക്കണം. ഇതിനിടെ സിക്സും ഫോറും നേടണം. അതുകൊണ്ടുന്നെ ഇന്ത്യന്‍ താരത്തിന്റെ ഇന്നിങ്സ് തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ധവാന്‍, പ്രിത്ഥ്വി, പടിക്കല്‍ തുടങ്ങിയവരുടെ ഇന്നിംഗ്സുകള്‍ മികച്ചതായിരുന്നു’ സോധി പറഞ്ഞു

‘ഒരെണ്ണം തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ സഞ്ജുവിന്റെ ഇന്നിങ്സ് പറയും. പഞ്ചാബ് കിംഗ്സിനെതിരെ നേടിയ 119 റണ്‍സാണ് എന്റെ ഫേവറൈറ്റ്’ സോധി കൂട്ടിചേര്‍ത്തു.

പഞ്ചാബിനെതിരായ ഐപിഎല്ലില്‍ രാജസ്ഥാന്റെ ആദ്യ മത്സരത്തില്‍ 12 ഫോറും അഞ്ച് സിക്സുമടക്കമാണ് സഞ്ജു സെഞ്ച്വറി (119) നേടിയത്. എന്നാല്‍ അവസാന പന്തില്‍ സിക്സടിച്ച് ജയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനില്‍ ക്യാച്ച് നല്‍കി മടങ്ങി.

ഐപിഎല്‍ കോവിഡ് കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. ഏഴ് മത്സരങ്ങളില്‍ 46.16 ശരാശരിയില്‍ 277 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ പഞ്ചാബ് കിംഗ്സിനെതിരെ നേടിയ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.

You Might Also Like