കീപ്പിംഗ് മികവ് തുടര്‍ന്ന് സഞ്ജു, ഇത്തവണ ഇരയായത് ഷായ് ഹോപ്പ്

Image 3
CricketTeam India

ടീം ഇന്ത്യ മാറ്റത്തിന്റെ ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രധാന സീനിയര്‍ താരങ്ങളാരും തന്നെയില്ലാതിരുന്നിട്ടും വെസ്റ്റിന്‍ഡീസിനെ 3-0ത്തിന് അടിച്ചിട്ട ആഹ്ലാദത്തിലാണ് ഇന്ത്യന്‍ യുവടീം. മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെ 119 റണ്‍സിന് തോല്‍പിച്ചതോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.

ഇന്ത്യയുടെ വിജയത്തില്‍ മുന്നിലും പിന്നിലും മലയാളി താരം സഞ്ജു സാംസണിന്റെ കരം ഉണ്ടായത് കേരളീയര്‍ക്കും അഭിമാനിക്കാനുളള നേട്ടമായി. ആദ്യ ഏകദിനത്തില്‍ ബാറ്റിംഗില്‍ തിളങ്ങാതിരുന്ന സഞ്ജുവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ ഏകദിനത്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചപ്പോള്‍ നിര്‍ണായകമായത് സഞ്ജുവിന്റെ കീപ്പിംഗ് ആയിരുന്നു.

രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ സഞ്ജു കീപ്പിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത് കൈയ്യടി നേടിയിരുന്നു. മൂന്നാം ഏകദിനത്തില്‍ സഞ്ജുവിന് കാര്യമായ പ്രകടനം ബാറ്റിംഗില്‍ പുറത്തെടുക്കാന്‍ അവസരമുണ്ടായില്ല. ഏഴ് പന്തില്‍ ആറ് റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.

എന്നാല്‍ വിക്കറ്റിന് പിന്നില്‍ സഞ്ജു മികച്ച പ്രകടനമാണ് മൂന്നാം ഏകദിനത്തിലും പുറത്തെടുത്തത്. വിന്‍ഡീസിന്റെ സൂപ്പര്‍ താരം ഷായ് ഹോപ്പിനെ സ്റ്റംമ്പ് ചെയ്താണ് സഞ്ജു ഇന്ത്യയുടെ രക്ഷകനായത്.

മത്സരത്തിന്റെ പത്താം ഓവറില്‍ ചഹലിനെ സിക്‌സ് അടിക്കാന്‍ ക്രീസില്‍ നിന്നും ചാടിയിറങ്ങിയ ഹോപ്പിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. പന്ത് മിസ്സായപ്പോള്‍ സഞ്ജു സാംസണ്‍ മിന്നല്‍ വേഗത്തില്‍ സ്റ്റംപ് ചെയ്ത് ഹോപ്പിനെ പുറത്താക്കി. 33 പന്തില്‍ 22 റണ്‍സാണ് ഷായി ഹോപ്പ് നേടിയത്. ആ കാഴ്ച്ച കാണാം