ഒടുവില്‍ സഞ്ജുവും, യുഎഇയില്‍ തുടരാന്‍ ടീം ഇന്ത്യയുടെ നിര്‍ദേശം

Image 3
CricketTeam India

ഐപിഎല്ലില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണോട് യുഎഇയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യുഎഇയില്‍ തുടരാനാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

സഞ്ജു സാംസന്റെ ടീം ഐപിഎല്‍ പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഈ മലയാളി താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ 17നാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചത്.

നേരത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത പലരും മോശം ഫോമില്‍ തുടരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നേക്കുമെന്ന അഭ്യൂഹമാണ് ശക്തമായിരിക്കുന്നത്.

ഐപിഎല്ലില്‍ യു എ ഇയില്‍ നടന്ന രണ്ടാം പാദത്തില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 207 റണ്‍സാണ് സഞ്ജു നേടിയത്. 82 ആണ് സഞ്ജുവിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. മറ്റൊരു മത്സരത്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം വിക്കറ്റ് കീപ്പറാണെന്നത് സഞ്ജുവിന് അനുകൂല ഘടകമാണ്.

ഐ പി എല്ലിലെ രണ്ടാം പാദത്തില്‍ രാഹുല്‍ ചഹാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരടക്കമുള്ള താരങ്ങളുടെ പ്രകടനം മികച്ചതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടീം പുറത്തായിട്ടും സഞ്ജുവിനെ യുഎഇയില്‍ തുടരാനുള്ള നിര്‍ദേശം പല അഭ്യൂഹങ്ങള്‍ക്കും വഴിമരുന്നിടുന്നത്.

സഞ്ജുവിനെ കൂടാതെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശിവം മാവി, ഹാര്‍ഷല്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരോടും യുഎഇയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.