സഞ്ജുവിന്റെ ആ രഹസ്യമന്വേഷിച്ച് ആനന്ദ് മഹീന്ദ്ര, ഉത്തം നല്‍കി പീറ്റേഴ്‌സണ്‍

ഐപിഎല്ലില്‍ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ഫോമിലായിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ74 റണ്‍സ് നേടിയ സഞ്ജു കഴിഞ്ഞ ദിവസം കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 85 റണ്‍സും നേടി. രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ച് സഞ്ജുവായിരുന്നു. ഈ പ്രകടനം തുടര്‍ന്നാല്‍ 25കാരനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സാധ്യതയേറെയാണ്.

കഴിഞ്ഞ സീസണില്‍ സഞ്ജു സ്ഥിരത കാണിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ തയ്യാറായി തന്നെയാണ് താരം ഇറങ്ങിയത്. ലോക്ക്ഡൗണ്‍ സമയത്ത് താരം ഫിറ്റ്നെസില്‍ കാര്യമായി ശ്രദ്ധിച്ചു. പരിശീലനം മുടക്കിയതുമില്ല. ഇപ്പോള്‍ സഞ്ജുവിന്റെ ഫിറ്റ്നെസിന്റെയും ഫോമിന്റെയും രഹസ്യം വ്യക്തമാക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്സണ്‍.

ലോക്ക്ഡൗണ്‍ സമയത്ത് കഠിന പരിശീലനം നടത്തിയതാണ് സഞ്ജുവിന്റെ വിജയത്തിന് പിന്നിലെന്ന് പീറ്റേഴ്സണ്‍ വ്യക്തമാക്കി. വ്യവസായിയും മഹീന്ദ്ര ഗൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പീറ്റേഴ്സണ്‍.

എന്താണ് സഞ്ജുവിന്റെ ഭക്ഷണക്രമം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പീറ്റേഴ്സണിന്റെ മറുപടിയിങ്ങനെ… ”കുറച്ചുമാസം പച്ചക്കറികള്‍ മാത്രമായിരുന്നു സഞ്ജു കഴിച്ചിരുന്നത്. പിന്നീട് ഇറച്ചിയും മുട്ടയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി. പിന്നീട് ലോക്ക്ഡൗണ്‍ സമയത്ത് കടുത്ത പരിശീലനം. സഞ്ജു മുഴുവനായി സമര്‍പ്പിക്കുകയായിരുന്നു. അതുതന്നെയാണ് അവന്റെ വിജയത്തിന് പിന്നില്‍.” പീറ്റേഴ്സ്ണ്‍ മറുപടി നല്‍കി.

ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. രാജസ്ഥാന്റെ കഴിഞ്ഞ രണ്ട് മത്സരവും ഷാര്‍ജയിലായിരുന്നു. ഇത്തവണ ദുബായാണ് വേദി. മറ്റു പിച്ചുകളില്‍ സഞ്ജു എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

You Might Also Like