മരുഭൂമിയില്‍ കൊടുങ്കാറ്റ് ഉയര്‍ത്തി സഞ്ജു ഷോ, കൂറ്റന്‍ 9 സിക്‌സുകള്‍, വെടിക്കെട്ട് ഫിഫ്റ്റി

Image 3
CricketIPL

പണ്ട് സച്ചിനും ഗാംലുലിയുമെല്ലാം റണ്‍സ് വാരിയ ഷാര്‍ജയില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബാറ്റ്‌കൊണ്ട് ഗര്‍ജിച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ താരം. അത് മറ്റാരുമല്ല മലയാളി താരം സഞ്ജു സാംസണാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അവിശ്വസനീയ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. അതും ഐപിഎല്ലിലെ ഏറ്റവും കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ.

32 പന്തുകള്‍ മാത്രം നേരിട്ട മലയാളി താരം ഒന്‍പത് കൂറ്റന്‍ സിക്‌സുകളും ഒരു ബൗണ്ടറിയും സഹിതം 74 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഒരുവേള ലുംഗി നേഗിയും സാം കുറനും ജഡേജയും അടക്കമുളള ചെന്നൈ ബൗളര്‍മാര്‍ സഞ്ജുവിനെ പിടിച്ച് കെട്ടാന്‍ എന്തുചെയ്യണമെന്ന് അറയാതെ വിഷമിച്ച് നിന്നത് അവിശ്വസനീയ കാഴ്ച്ചയായി.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും സഞ്ജു സിക്‌സുകള്‍ പറത്തി എന്നതാണ് ഏറെ ശ്രദ്ധേയം. ഒന്ന് ക്രീസിന് പുറത്തിറങ്ങുക കൂടി ചെയ്യാതെ അനായാസം സിക്‌സ് നേടിയ സഞ്ജുവിന്റെ കരുത്ത് സത്യത്തില്‍ ഞെട്ടിക്കുന്നത് തന്നെയായിരുന്നു.

19 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ച്വറി തികച്ച്. രാജസ്ഥാനായി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറി സഞ്ജു. നേരത്തെ ജോസ് ബട്ട്‌ലര്‍ 18 പന്തില്‍ രാജസ്ഥാനായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.