ഗാലറിയില്‍ ഇരുന്ന് കളി പഠിപ്പിക്കുന്നവര്‍ക്ക് കളിക്കാരുടെ സങ്കടങ്ങള്‍ അറിയേണ്ടതില്ലല്ലോ, സഞ്ജുവായിരുന്നു ശരി

Image 3
CricketIPL

സന്ദീപ് ദാസ്

ഡല്‍ഹിയ്‌ക്കെതിരെ ക്രിസ് മോറിസ് പായിച്ച ഓരോ അടിയും ചെന്നുകൊണ്ടത് സഞ്ജുവിന്റെ മുഖത്താണ് എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പഞ്ചാബിനെതിരായ കളിയില്‍ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച സഞ്ജു ചമ്മിപ്പോയെത്രേ!

ഇവര്‍ ഇതൊക്കെ സീരിയസ് ആയി പറയുന്നതാണെങ്കില്‍ സഹതാപം മാത്രമേ തോന്നുന്നുളളൂ.

പഞ്ചാബിനെതിരെ ഒരു ഷോട്ട് പോലും മോറിസ് ടൈം ചെയ്തിരുന്നില്ല. അന്ന് മോറിസിന്റെ മുഖത്ത് ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ ദാനമായി കിട്ടിയ ഒരു ഫുള്‍ടോസ് വരെ മോറിസ് പാഴാക്കിയിരുന്നു. അതുകൊണ്ടാണ് സഞ്ജു അവസാന പന്തില്‍ സ്‌ട്രൈക്ക് സൂക്ഷിച്ചത്.

ആ തീരുമാനം മുഴുവനായും ശരിയായിരുന്നു. മോറിസ് ഒരു ബിഗ് ഹിറ്ററാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ ഓരോ ദിവസത്തെയും ഫോം കൂടി പരിഗണിക്കേണ്ടതല്ലേ? വെടിക്കെട്ടുകാരനായ ആന്ദ്രേ റസല്‍ മുംബൈയ്‌ക്കെതിരെ പതറിയത് നാം കണ്ടതല്ലേ?

സഞ്ജു മോറിസിന് സ്‌ട്രൈക്ക് നല്‍കുകയും രാജസ്ഥാന്‍ പരാജയപ്പെടുകയും ചെയ്തിരുന്നുവെങ്കില്‍ അതിന്റെ പഴിയും സഞ്ജുവിന്റെ തലയില്‍ തന്നെ വരുമായിരുന്നു. ഗാലറിയില്‍ ഇരുന്ന് കളി പഠിപ്പിക്കുന്നവര്‍ക്ക് കളിക്കാരുടെ സങ്കടങ്ങള്‍ അറിയേണ്ടതില്ലല്ലോ.
കളി മോശമായാല്‍ സഞ്ജുവിനെ ആരോഗ്യപരമായി വിമര്‍ശിച്ചോളൂ. പക്ഷേ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റം കണ്ടെത്തുന്നത് നല്ല ബോറാവുന്നുണ്ട്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നുകൂടേ?

കടപ്പാട്: സ്‌പോട്‌സ് പാരെൈഡസോ ക്ലബ്