ഞാന്‍ ക്യാപ്റ്റനാകുമ്പോള്‍ സംഗയുടെ വരവ്.., സഞ്ജുവിന് തോന്നുന്നത്

Image 3
CricketTeam India

ശ്രീലങ്കന്‍ മുന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കുമാര സംഗക്കാരയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് അതിയായ സന്തോഷം നല്‍കുന്ന കാര്യമെന്ന് മലയാളി താരം സഞ്ജു സാംസണ്‍. സംഗക്കാരയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമായി കാണുന്നതായും സഞ്ജു കൂട്ടിചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സിലേക്ക് സംഗ എത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ സന്തോഷത്തിലാറാടി. ഞാന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ അദ്ദേഹം പരിശീലനാവുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ആ ബന്ധം വളരെയധികം പ്രത്യേകതകളുള്ളതാവും. സംഗയെ കാണാനും ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുമായി കാത്തിരിക്കുകയാണ്’ സഞ്ജു പറഞ്ഞു.

18 വയസുള്ളപ്പോള്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായതാണ്. ഇപ്പോള്‍ എനിക്ക് 26 വയസായി. ടീമാണ് എനിക്ക് ക്യാപ്റ്റന്‍സി എന്ന റോള്‍ നല്‍കിയത്. വിസ്മയത്തോടെയാണ് അതിനെ നോക്കി കാണുന്നത് എന്നും സഞ്ജു കൂട്ടിചേര്‍ത്തു.

ഐപിഎല്‍ 14ാം സീസണിലാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് സമ്മാനിച്ചിരിക്കുന്നത്. അതിന് പിന്നാലെ കുമാര സംഗക്കാരയെ കോച്ചായും രാജസ്ഥാന്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്ലബ് ഒഴിവാക്കിയതോടെയാണ് സഞ്ജുവിനെ തേടി നായക സ്ഥാനം എത്തിയത്. നിലവില്‍ ഡല്‍ഹിയ്ക്കായാണ് സ്മിത്ത് ഈ സീസണില്‍ കളിയ്ക്കുക.