എന്റെ ടീമില്‍ നിനക്ക് കളിക്കാമോ? സഞ്ജുവിനെ അമ്പരപ്പിച്ച് ദ്രാവിഡിന്റെ ചോദ്യം
ഐപിഎല്ലിലേക്ക് തന്റെ അരങ്ങേറ്റം ഓര്‍ത്തെടുക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ കണ്‍സള്‍ട്ടന്റ് ന്യൂസിലന്‍ഡ് താരം ഇഷ് സോധിയുമായി ഓണ്‍ലൈനില്‍ തത്സമയം സംസാരിക്കുമ്പോഴാണ് താന്‍ രാജസ്ഥാനിലെത്തിയതെങ്ങനെയെന്ന് സഞ്ജു വിവരിച്ചത്.
‘ രാഹുല്‍ ഭായിയും സുബിന്‍ ബാരുച്ചയുമാണ് യുവതാരങ്ങളെ തിരഞ്ഞെടുക്കുന്ന ട്രയല്‍സ് അന്ന് നിയന്ത്രിച്ചിരുന്നത്. അവിടെ എനിക്ക് മികച്ച ഷോട്ടുകളും കളിക്കാനായി. രണ്ടാം ദിവസം അവസാനം രാഹുല്‍ ഭായ് എന്റെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു, ‘എന്റെ ടീമില്‍ നിനക്ക് കളിക്കാമോ?’. എന്നെ സംബന്ധിച്ച് അതൊരു സ്വപ്‌നം പോലെ തോന്നിച്ചു. ദ്രാവിഡിനെ പോലൊരാള്‍ എന്റെയടുത്ത് വന്ന് ഇങ്ങനെയൊരു ചോദ്യം ചോദിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും എനിയ്ക്ക് സങ്കല്‍പിക്കാന്‍ ആകുമായിരുന്നില്ല’ സഞ്ജു പറയുന്നു.
2013ലാണ് സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാകുന്നത്. ആദ്യത്തെ ആറ് മത്സരങ്ങളില്‍ താന്‍ ടീമിലുണ്ടായിട്ടും രാജസ്ഥാനായി കളിച്ചിരുന്നില്ലെന്നും ആ സമയം മുതിര്‍ന്ന താരങ്ങളില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ താന്‍ പഠിച്ചെടുത്തതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.
താന്‍ കണ്ടതില്‍ ഏറ്റവും മാതൃകയായ വ്യക്തിത്വമാണ് ദ്രാവിഡ് എന്ന് പറയുന്ന സഞ്ജു അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചതായും കൂട്ടിച്ചേര്‍ത്തു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും പ്രധാന താരങ്ങളില്‍ ഒരാളാണ് സഞ്ജു സാംസണ്‍. കോടികള്‍ മുടക്കിയാണ് ഓരോ വര്‍ഷവും സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്തുന്നത്.