അവിശ്വസനീയ നേട്ടം പടിക്കലിന് തൊട്ടടുത്ത്, ഞെട്ടിപ്പിച്ച് രണ്ട് മലയാളി താരങ്ങള്‍

Image 3
CricketIPL

ഐപിഎല്ലിന്റെ പതിമൂന്നാം സീസണിലെ ലീഗ് റൗണ്ട് അവസാനിച്ചപ്പോള്‍ റണ്‍വേട്ടയില്‍ പതിവില്‍ നിന്ന് വ്യത്യസ്മായി മലയാളികള്‍ക്ക് ഇരട്ടി നേട്ടം. ഐപിഎല്ലില്‍ പതിവ് പോലെ സഞ്ജു സാംസണ്‍ മുന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച ആദ്യ സീസണില്‍ തന്നെ റണ്‍വേട്ടയില്‍ നാലാം സ്ഥാനത്തെത്തി അമ്പരപ്പിച്ചിരിക്കുകയാണ് ദേവ്ദത്ത് പടിക്കല്‍.

നിലവില്‍ 14 ഇന്നിംഗ്‌സുകളില്‍ നിന്നായി മലയാളി ഓപ്പണര്‍ 472 റണ്‍സാണ് സ്വന്തമാക്കിയിട്ടുളളത്. ഇനി പ്ലേ ഓഫ് മത്സരം കൂടി അവശേഷിച്ചിരിക്കെ ദേവ്ദത്ത് 500 റണ്‍സ് മുകളില്‍ സ്‌കോര്‍ ചെയ്യുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ 500 റണ്‍സിന് മുകളില്‍ ്‌സ്‌കോര്‍ ചെയ്യുന്ന ആദ്യ മലയാളി താരം എന്ന നേട്ടം 20 വയസ് മാത്രം പ്രായമുളള ദേവ്ദത്ത് പടിക്കലിന് സ്വന്തമാകും.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സ് എന്നിവരെ പിന്നിലാക്കിയാണ് അരങ്ങേറ്റ സീസണില്‍ തന്നെ ദേവ്ദത്ത് താരമായത് എന്ന് കൂടി അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാകു.

രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു മലയാളി താരം സഞ്ജു സാംസണ്‍ 375 റണ്‍സാണ് സ്വന്തമാക്കിയത്. തുടക്കം ഗംഭീരമായി തുടങ്ങിയ സാംസണ്‍ പിന്നീട് ഫോം നഷ്ടപ്പെട്ടതാണ് താരം റണ്‍വേട്ടയില്‍ 10ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഏറ്റവുമധികം റണ്‍സെടുത്ത് ടോപ്സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് കിങ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ്. 14 മല്‍സരങ്ങളില്‍ നിന്നും 55.83 ശരാശരിയില്‍ 129.34 സ്ട്രൈക്ക് റോറ്റോടെ അദദ്ദേഹം 670 റണ്‍സ് വാരിക്കൂട്ടി. പുറത്താവാതെ നേടിയ 132 റണ്‍സ് രാഹുലിന്റെ മാത്രമല്ല ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ്.

14 ഇന്നിങ്സുകളില്‍ നിന്നും 529 റണ്‍സെടുത്ത ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവും സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറാണ് കൂടുതല്‍ റണ്‍സെടുത്ത രണ്ടാമന്‍. നാലു ഫിഫ്റ്റികള്‍ അദ്ദേഹത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. നാലു റണ്‍സ് പിറകിലായി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് മൂന്നാംസ്ഥാനത്ത്. തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു. മറ്റു ടീമുകളുടെയൊന്നും ടോപ്സ്‌കോറര്‍മാര്‍ 500 തികച്ചിട്ടില്ല.