; )
ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും മന്‍ ഇഷാനും ഒടുവില്‍ ആശ്വാസ വാര്‍ത്ത. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഇരുവര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവനും പാക് താരവുമായ ഷുബൈബ് മാലിക്കിനെ കാണാന്‍ വഴിയൊരുങ്ങുന്നു.
ആഗസ്റ്റില്‍ നടക്കാന്‍ പോകുന്ന ഇംഗ്ലണ്ടുമായുള്ള ടി 20 മത്സരങ്ങള്‍ക്ക് മുന്‍പ് സാനിയ മിര്‍സയേയും മകനേയും കാണാന്‍ ഷുഹൈബ് മാലിക്കിന് പാക് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങളില്‍പ്പെട്ട് പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലായിരുന്നു താരമുണ്ടായിരുന്നത്.
പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഷുഹൈബ് മാലിക്ക് കുടുംബത്തിനൊപ്പം സമയം ചെലവിട്ട ശേഷം ടീമിനൊപ്പം തിരികെയെത്തുമെന്ന് പ്രഖ്യാപിച്ചത്. കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്‌ഡൌണില്‍ അഞ്ച് മാസത്തോളം സാനിയ മിര്‍സയേയും മകന്‍ ഇഷാനേയും കാണാന്‍ ഷുഹൈബിന് സാധിച്ചിരുന്നില്ല. ജൂണ്‍ 28നാവും പാക് ടീം മാഞ്ചെസ്റ്ററിലേക്ക് പുറപ്പെടുക. അവിടെ എത്തിയ ശേഷം പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ടീം പരിശീലനം തുടങ്ങുക.

യാത്രാ നിയന്ത്രണങ്ങള്‍ക്ക് വിലക്ക് മാറുന്നതോടെ മാലിക്കിന് കുടുംബത്തെ കാണാനുള്ള അവസരം തടയുന്നില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് വസിം ഖാന്‍ വിശദമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തന്റെ മകന്‍ ഇഷാന് എന്നാണ് ഇനി അവന്റെ പിതാവിനെ കാണാനാകുക എന്നറിയില്ലെന്ന് സാനിയ സങ്കടം പങ്കുവെച്ചിരുന്നു. ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടമാണ് ഇതെന്നും സാനിയ മിര്‍സ പ്രതികരിച്ചിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹം പാക്കിസ്ഥാനിലും ഞാനിവിടെയും കുടങ്ങിപ്പോയി. ഞങ്ങള്‍ക്ക് ഒരു ചെറിയ കുട്ടിയാണുള്ളത്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി മറികടക്കുക എന്നത് അല്‍പം കഠിനമാണ്. ഇഷാന് അവന്റെ പിതാവിനെ എപ്പോഴാണിനി കാണാനാകുക എന്ന് എനിക്കറിയില്ല എന്നായിരുന്നു സാനിയ പറഞ്ഞത്.
ഞങ്ങള്‍ രണ്ടുപേരും പ്രായോഗികമായി ചിന്തിക്കുന്നവര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ പ്രായമുള്ള അമ്മയുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹം അമ്മക്കൊപ്പം ഉണ്ടാവേണ്ടതുണ്ട് എന്ന് എനിക്കറിയാം. അങ്ങനെ ചിന്തിക്കുമ്പോള്‍ അദ്ദേഹം പാക്കിസ്ഥാനിലായത് നന്നായി എന്നും തോന്നാറുണ്ട്. എന്തായാലും എല്ലാ പ്രശ്‌നങ്ങളും വൈകാതെ അവസാനിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് ഞങ്ങള്‍-സാനിയ പറഞ്ഞു.