ആര്‍പ്പുവിളിച്ച് സാനിയ, അളിയന്റെ വെടിക്കെട്ടില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

ടി20 ലോകകപ്പിനുളള പാകിസ്ഥാന്‍ ടീമില്‍ 39കാരനായ ഷുഹൈബ് മാലിക്കിനെ ഉള്‍പ്പെടുത്തിയ വാര്‍ത്ത വളരെ കൗതുകത്തോടെയും അതിനൊപ്പം അല്‍പം പരിഹാസം കലര്‍ത്തിയുമാണ് ഇന്ത്യന്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയേയും മോളേയും നോക്കി വീട്ടിലിരിക്കേണ്ട പ്രായത്തില്‍ മാലിക്കിനെ ടീമിലുള്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ് സ്വയം പരിഹാസ്യരായെന്ന് മുന്‍ താരങ്ങളടക്കം കളിയാക്കി.

എന്നാല്‍ ലോകകപ്പിലെ ഓരോ മത്സരവും കഴിയുമ്പോള്‍ പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞായി മാറിയിരിക്കുകയാണ് ഷുഹൈബ് മാലിക്ക്. കഴിഞ്ഞ ദിവസം സ്‌കോട്‌ലന്‍ഡിനെതിരെ നേടിയ അര്‍ധ സെഞ്ച്വറിയ്ക്ക് പുറമെ രണ്ട് തവണയാണ് മാലിക്കിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്.

ഇതില്‍ ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ 26 റണ്‍സടിച്ച് പാക് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. അഫ്ഗാനെതിരെ 19 റണ്‍സും ഈ മുതിര്‍ന്ന താരം നേടി. പിന്നീടാണ് സ്‌കോട്‌ലന്‍ഡിനെതിരെ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മാലിക്ക് വേഗമേറിയ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയത്.

സ്‌കോട്ടലന്റിനെതിരെയുള്ള മത്സരത്തില്‍ വെറും 18 പന്തിലാണ് ഷോയിബ് മാലിക്കിന്റെ ഫിഫ്റ്റി പിറന്നത്. മത്സരത്തില്‍ പുറത്താകാതെ 54 റണ്‍സാണ് മാലിക്ക് നേടിയത്. ഒരു ഫോറും ആറ് സിക്‌സിന്റെ അകമ്പടിയോടെയാണ് ഷോയിബ് മാലിക്കിന്റെ ഇന്നിംഗ്‌സ്.

ടി20യില്‍ ഒരു പാക്കിസ്ഥാന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയാണ് ഇതോടെ ഷാര്‍ജയില്‍ പിറന്നത്. അതോടൊപ്പം ഈ ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ച്വറി റെക്കോഡില്‍ ഇന്ത്യന്‍ താരം കെഎല്‍ രാഹുലിനൊപ്പവുമെത്തി.

മത്സരം കാണാന്‍ ഭാര്യയായ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ സ്റ്റേഡിയത്തിലുണ്ടായിരുന്നു. തനിക്കായി ആര്‍പ്പു വിളിച്ച ഭാര്യയെ സാക്ഷിയാക്കിയായിരുന്നു മാലിക്കിന്റെ പ്രകടനം.

 

You Might Also Like