യൂറോപ്യന്‍ സൂപ്പര്‍ ക്ലബ് വാഗ്ധാനം നല്‍കി പറ്റിച്ചു, വെളിപ്പെടുത്തലുമായി സന്ധു
യൂറോപ്പില്‍ താന്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഇന്ത്യന്‍ ഗോള്‍കീപ്പറും ബംഗളുരു എഫ്.സിയുടെ വിശ്വസ്ത കാവല്‍ക്കാരനുമായ ഗുര്‍പ്രീത് സിംഗ് സന്ധു. പോര്‍ച്ചുഗീസ് സൂപ്പര്‍ ക്ലബായ ബോവിറ്റ ആദ്യം ക്ഷണിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്ത കഥയാണ് ഗുര്‍പ്രീത് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം ചാറ്റിലാണ് ബംഗളുരു എഫ്.സി ഗോള്‍കീപ്പറുടെ വെളിപ്പെടുത്തല്‍.
നേരത്തെ സന്ധു നോര്‍വീജിയന്‍ ക്ലബ സ്റ്റബെക്കിനായി കളിച്ചിരുന്നു. സ്റ്റബെക്കിലെ കരാര്‍ അവസാനിക്കുമ്പോഴാണ് ബോവിറ്റ സന്ധുവിനെ തേടിയെത്തിയത്. എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന ദിവസം അത് പൊളിയുകയായിരുന്നു.
‘ആ സമയത്ത് ബോവിറ്റ ടീമില്‍ മൂന്ന് ഗോളിമാരുണ്ടായിരുന്നു. അതിനാല്‍ തന്നെ ഒരു വര്‍ഷത്തേക്ക് ലോണില്‍ കളിക്കാന്‍ മറ്റേതെങ്കിലും ക്ലബ് കണ്ടെത്തിയാല്‍, തുടര്‍ന്നുള്ള സീസണില്‍ പോര്‍ച്ചുഗീസ് ക്ലബില്‍ കളിക്കാമെന്ന് അവര്‍ പറഞ്ഞു, ഇതോടെ ഞാന്‍ ബംഗളുരു എഫ്.സിയില്‍ ഒരു വര്‍ഷം ലോണില്‍ കളിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി, എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാനം ദിവസം അവര്‍ നിശബ്ധത പാലിക്കുകയായിരുന്നു’ സന്ധു പറയുന്നു.
ഇതോടെയാണ് താന്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതെന്നും ബംഗളൂരുവിന്റെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. അവസരം കിട്ടിയാല്‍ ഇനിയും യൂറോപ്പില്‍ ഒരു കൈനോക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.