ടീമിലെത്തിയാല്‍ രാജാവ്, കാണികളെത്തുക അവന്റെ മുഖം മൂടിയണിഞ്ഞ്, ജിങ്കനെ ക്ഷണിച്ച് ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

‌കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേശ് ജിങ്കനെ പരസ്യമായി ടീമിലേക്ക് ക്ഷണിച്ച് ഒഡീഷ എഫ്‌സി ഉടമ രോഹന്‍ ശര്‍മ്മ. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ആനന്ദ് ത്യാഗിയുമായി നടത്തിയ ‘ലെറ്റ്‌സ് ഫുട്‌ബോള്‍ ലൈവ്’ പരിപാടിയുടെ പുതിയ എപ്പിസോഡില്‍ സംസാരിക്കവെയാണ് ജിങ്കനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രോഹന്‍ ശര്‍മ്മ സംസാരിച്ചത്.

കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച മാര്‍ക്കോസ് ടെബാര്‍ അടുത്ത സീസണില്‍ ടീമിലുണ്ടാകില്ലെന്നും അത് കൊണ്ടു തന്നെ ടീം വരും സീസണില്‍ പുതിയൊരു ക്യാപ്റ്റനെ തേടുന്നുണ്ട് എന്നുമാണ് രോഹന്‍ പറയുന്നത്. ജിങ്കനെ ടീമിലെത്തിച്ചാല്‍ അദ്ദേഹത്തിന് കോച്ച് ആഗ്രഹിക്കുന്ന ക്യാപ്റ്റനാവാന്‍ കഴിയുമെന്നാണ് രോഹന്‍ ശര്‍മ്മയുടെ നിരീക്ഷിക്കുന്നത്.

ജിങ്കന്‍ ഒഡീഷയ്ക്ക് വരാന്‍ സമ്മതം മൂളിയാല്‍ ഒഡീഷക്കൊപ്പമുള്ള ജിങ്കന്റെ ആദ്യ ഹോം മത്സരത്തില്‍ സ്റ്റേഡിയത്തിലെത്തുന്ന കാണികളെല്ലാം ജിങ്കന്റെ മുഖം മൂടി ധരിച്ചാവും എത്തുകയെന്ന വിചിത്രമായ ഒരു കാര്യവും രോഹന്‍ പങ്കുവെച്ചു.

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ നിലവില്‍ ജിങ്കന്‍ ഒരു ടീമുമായി ഇതുവരെ കരാറില്‍ ഒപ്പിട്ടിട്ടില്ല. ഒഡീഷയ്ക്ക് പുറമെ കൊല്‍ക്കത്തയും എഫ്‌സി ഗോവയമാണ് ജിങ്കനെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിനെ പോലെ തന്നെ കിരീട നേട്ടമല്ല അടുത്ത സീസണില്‍ തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും രോഹന്‍ കൂട്ടിചേര്‍ത്തു. പ്ലെഓഫില്‍ എത്തുക എന്നതാണ് മുന്നിലുളള ലക്ഷ്യമെന്നും അക്കാര്യം നേടാനാകും എന്ന് തന്നെയാണ് വിശ്വാസമെന്നും ഒഡീഷ ഉടമ പറയുന്നു.