കൊല്‍ക്കത്തയ്ക്ക് ജിങ്കനെ വിട്ടുകൊടുക്കില്ല, അപ്രതീക്ഷിത നീക്കവുമായി മറ്റൊരു സൂപ്പര്‍ ക്ലബും
മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സ്വന്തമാക്കാന്‍ അപ്രതീക്ഷിത നീക്കവുമായി എഫ്‌സി ഗോവയും. ജിങ്കനെ എടികെ-മോഹന്‍ ബഗാന്‍ ഏതാണ്ട് സ്വന്തമാക്കി എന്ന് ഉറപ്പിച്ച് നില്‍ക്കെയാണ് ജിങ്കന് വലിയ ഓഫര്‍ നല്‍കി എഫ്‌സി ഗോവയുടെ രംഗപ്രവേശനം. കൊല്‍ക്കത്തയേയും ഗോവയേയും കൂടാതെ ഒഡീഷ എഫ്‌സിയാണ് ജിങ്കനായി ശ്രമം നടത്തുന്ന മൂന്നാമത്തെ ടീം.
എഎഫ്‌സി ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ ശക്തമാക്കാന്‍ ഉദ്ദേശിച്ചാണ് എഫ്‌സി ഗോവ ജിങ്കനായി നീക്കം നടത്താന്‍ കാരണം. പുതിയ സ്പാനിഷ് പരിശീലകന്‍ ജുവാന്‍ ഫെറാണ്ടോയ്ക്ക് ജിങ്കനെ ഏതുവിധേനയും ടീമിലെത്തിച്ചാല്‍ കൊള്ളാമെന്നുണ്ട്.
ഇതോടെ എങ്ങോട്ട് പോകണമെന്നുളള തീരുമാനം എടുക്കേണ്ടത് ഇനി ജിങ്കനാണ്. തന്റെ ഭാവി മുന്നില്‍ കണ്ടാകും ജിങ്കന്‍ ഏത് ടീമിനെയും തിരഞ്ഞെടുക്കു. കേരള ബ്ലാസ്‌റ്റേഴ്‌സിലേത് പോലെ ഇനി ഒരു ടീമിലും വര്‍ഷങ്ങളോളം നില്‍ക്കാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച താരം തീരുമാനിച്ചിട്ടില്ല. പരമാവധി സാധ്യതകളെല്ലാം ഉപയോഗിക്കാനാണ് ജിങ്കന്റെ തീരുമാനം.
നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. അതിനിടെയാണ് കൊല്‍ക്കത്ത ജിങ്കനെ സ്വന്തമാക്കിയതായി പ്രമുഖ ബംഗാളി ദിനപത്രം ആനന്ദബസാര്‍ പത്രിക റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ മാസമാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.
ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.