ജിങ്കനെ കുറിച്ച് അവിശ്വസനീയ വെളിപ്പെടുത്തലുമായി ആനന്ദ് ത്യാഗി

Image 3
FootballISL

ഇന്ത്യന്‍ ഫുട്‌ബോള്‍ സമ്മാനിച്ച ലക്ഷണമൊത്തൊരു പ്രതിരോധ താരമാണ് സന്ദേഷ് ജിങ്കന്‍. കേരള ബ്ലാസ്‌റ്റേഴ്‌സിലൂടെ വളര്‍ന്ന് രാജ്യന്തര തലത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ നായകന്‍. ജിങ്കന് ഇന്ന് 27ാം പിറന്നാളാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി എഫ്‌സി മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെ സാദാരണ ആരാധകര്‍ വരെ ജിങ്കന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇതിനിടെ പ്രമുഖ ഫുട്‌ബോള്‍ കമന്റേറ്ററും അവതാരകനുമായ ആനന്ദ് ത്യാഗി പിറന്നാള്‍ ആശംസ നേര്‍ന്ന് ജിങ്കനെ കുറിച്ച് ആരും അറിയാത്ത ഒരു കഥ വെളിപ്പെടുത്തിയിരിക്കുകയാണ്. ജിങ്കനെന്ന ഫുട്‌ബോള്‍ താരത്തേക്കാള്‍ ഉപരി ജിങ്കനെന്ന മനുഷ്യ സ്‌നേഹിയെ തിരിച്ചറിയാന്‍ ഈ വെളിപ്പെടുത്തല്‍ മാത്രം അറിഞ്ഞാല്‍ മതി.

ജിങ്കന് പരിക്കേറ്റതിനാല്‍ ഐഎസ്എല്ലിലെ ആറാം സീസണ്‍ മുഴുവനായി നഷ്ടപ്പെട്ടിരുന്നല്ലോ. കാല്‍ മുട്ടിന് ഏറ്റ പരിക്കാണ് (എസിഎല്‍) ജിങ്കന്റെ ഒരു സീസണ്‍ നഷ്ടപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ജിങ്കന് ശാസത്രക്രിയ വേണ്ടി വന്നു.

ശാസ്ത്രക്രിയക്ക് മുമ്പ് ജിങ്കന് ആശംസകള്‍ നേരാന്‍ ആനന്ദ ത്യാഗി ഫോണിലൂടെ ബന്ധപ്പെട്ടത്രെ. സംസാരത്തിനിടയില്‍ തന്റെ അമ്മയും ജിങ്കനെ ശാസ്ത്രക്രിയ ചെയ്യുന്ന അതേ ഡോക്ടര്‍ക്കായി കാത്തിരിക്കുകയാണെന്നും വെയ്റ്റിംഗ് ലിസ്റ്റിലാണെന്നും ആനന്ദ് ത്യാഗി ജിങ്കനോട് പറഞ്ഞു. ഇതോടെ തന്റെ അവസരം ജിങ്കന്‍ ത്യാഗിയുടെ അമ്മയ്ക്ക് ഓഫര്‍ ചെയ്യുകയായിരുന്നു.

‘എനിക്ക് എന്റെ ഓപ്പറേഷനായി ഇനിയും കാത്തിരിക്കാനാകും എന്നാല്‍ അമ്മയ്ക്ക് അത് കഴിഞ്ഞു കൊള്ളണമെന്നില്ല’ ജിങ്കന്‍ തന്റെ അവസരം വിട്ടുകൊടുത്ത് കൊണ്ട് ത്യാഗിയോട് പറഞ്ഞത് ഇപ്രകാരമാണ്.

രണ്ട് മാസം മുമ്പാണ് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപിരിഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിങ്കന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് വഴി പിരിഞ്ഞത്. 76 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി ജിങ്കന്‍ കളിച്ചത്.