അപമാനിക്കപ്പെട്ട് മടക്കം,ജിങ്കന്‍ ഒടുവില്‍ ബംഗളൂരുവില്‍

ഐഎസ്എല്ലില്‍ പുതിയ ടീമിനായി കളിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ താരം സന്ദേശ് ജിങ്കാന്‍. നിലവിലെ ക്ലബ് എടികെ മോഹന്‍ ബഗാന്‍ കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെ ബംഗളൂരു എഫ്‌സിയ്ക്കാന്‍ കളിക്കാനാണ് ജിങ്കാന്‍ കരാര്‍ ഒപ്പിട്ടത്.

സന്ദേശ് ജിങ്കാനെ ടീമിലെത്തിച്ച വിവരം ബംഗളൂരു ഔദ്യോഗികമായി സ്ഥിരീകരിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ബംഗളൂരു ഇക്കാര്യം അറിയിച്ചത്.

എടികെ മോഹന്‍ ബഗാന്‍ വിട്ട ജിങ്കാന്‍, ഈസ്റ്റ് ബംഗാളിലേക്കോ ബെംഗളൂരു എഫ്‌സിയിലേക്കോ പോകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തെ ടീമിലെത്തിച്ച വിവരം ബംഗളൂരു സ്ഥിരീകരിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരിക്കെ 2016-17 സീസണില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു എഫ്‌സിക്കായി കളിച്ചിട്ടുള്ള ജിങ്കാന്‍, അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് അതേ ടീമിലേക്കു തിരിച്ചെത്തുന്നത്.

‘മുന്‍പ് ലോണ്‍ അടിസ്ഥാനത്തില്‍ ഇവിടെ കളിച്ചിരുന്ന സമയത്തെ രസകരമായ ഒട്ടേറെ ഓര്‍മകള്‍ മനസ്സിലുണ്ട്. അന്ന് ടീമിലുണ്ടായിരുന്ന പലരും ഇപ്പോഴും ബംഗളൂരു നിരയിലുണ്ട്. അന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മികച്ച റിസള്‍ട്ട് ഉണ്ടാക്കാനും ടീമിനു കഴിഞ്ഞിരുന്നു’ ക്ലബ് മാറ്റത്തെ കുറിച്ച് ജിങ്കാന്‍ പ്രതികരിച്ചതിങ്ങനെ.

You Might Also Like