; )
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയോട് തോറ്റതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സന്ദീപ് സിംഗിന് ഏറ്റ പരിക്ക് ഗുരുതരമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഇതോടെ സന്ദീപ് സിംഗ് ഈ സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ പുറത്തിരിക്കുമെന്ന് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക മാധ്യമമായ ദ ബ്രിഡ്ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്ക് സാരമുള്ളതാണ് എന്ന് കോച്ച് ഇവാന്‍ വുകമനോവിച്ച് മത്സര ശേഷം പറഞ്ഞിരുന്നു. സന്ദീപ് സിംഗിന് തലയ്ക്ക് സാരമായ മുറിവേറ്റിട്ടുണ്ട്. കൂടാതെ, മത്സരത്തിനിടെ സിംഗിന്റെ കണങ്കാല്‍ ട്വിസ്റ്റ് ആയതായും കണ്ടെത്തി. രണ്ട് പരിക്കും മാറി താരം തിരികെയെത്താന്‍ മൂന്ന് മാസത്തില്‍ അധികം എടുക്കും.
പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നോട്ട് പോക്കിന് വലിയ തിരിച്ചടിയാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തില്‍ സന്ദീപ് ഒരു പ്രധാന ഭാഗമായിരുന്നു.
സന്ദീപ് ആദ്യ ഇലവനില്‍ ഉള്ളപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു കളി പോലും തോറ്റിട്ടില്ല. കൊച്ചിയില്‍ ഒഡീഷ എഫ്സിക്കെതിരെ നിര്‍ണായക ഗോളും നേടി.
സന്ദീപ് മടങ്ങി എത്തില്ലെങ്കില്‍ ഇനി സീസണ്‍ അവസാനം വരെ കേരള ബ്ലാസ്റ്റേഴ്‌സിനായി ഖാബ്ര കളിയ്ക്കും. അല്ലായെങ്കില്‍ നിശു കുമാര്‍ റൈറ്റ്ബാക്കായി ഇറങ്ങാനും സാധ്യതയുണ്ട്.