പണം വിഴുങ്ങാനിനി സാഞ്ചസ് ഉണ്ടാകില്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തലവേദനയൊഴിഞ്ഞു

Image 3
EPLFeaturedFootball

ചിലിയൻ സൂപ്പർതാരമായ അലക്സിസ് സാഞ്ചസ് അടുത്ത സീസൺ മുതൽ ഇന്റർ മിലാൻ കളിക്കാരനാകുമെന്ന് ഉറപ്പായി. താരം ഇറ്റാലിയൻ ക്ലബുമായി സ്ഥിരം കരാർ ഒപ്പിടുമെന്ന കാര്യം യുണൈറ്റഡ് പരിശീലകൻ സോൾഷയർ തന്നെയാണു സ്ഥിരീകരിച്ചത്. ഫ്രീ ട്രാൻസ്ഫറിലാണ് സാഞ്ചസ് ഇന്ററിലേക്കു ചേക്കേറുന്നതെങ്കിലും യുണൈറ്റഡിനെ സംബന്ധിച്ച് വലിയൊരു തലവേദനയാണ് ഒഴിഞ്ഞതെന്ന് നിസംശയം പറയാം.

ഏതാണ്ട് ആറു ലക്ഷം യൂറോയോളമാണ് ഇമേജ് റൈറ്റ് അടക്കം യുണൈറ്റഡുമായുള്ള സാഞ്ചസിന്റെ പ്രതിഫലക്കരാറിൽ ഉണ്ടായിരുന്നത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് യുണൈറ്റഡ് സ്വന്തമാക്കിയ താരത്തിനു പക്ഷേ ക്ലബിൽ തിളങ്ങാനായില്ല. 45 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോൾ മാത്രം നേടിയ താരം പിന്നീട് കനത്ത പ്രതിഫലം വാങ്ങുന്നതു മൂലം ടീമിനൊരു ബാധ്യത തന്നെയായിരുന്നു.

ലോണിൽ ഇന്ററിലെത്തിയത് താരത്തിന്റെ കരിയറിലെ മോശം സമയത്തിന് അവസാനം കുറിച്ചു. ഈ സീസണിൽ മികച്ച പ്രകടനം കോണ്ടെയുടെ ടീമിനു വേണ്ടി കാഴ്ച വെച്ചതോടെയാണ് താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാൻ ഇന്റർ തീരുമാനിച്ചത്. ഫ്രീ ട്രാൻസ്ഫറിൽ ചിലിയൻ താരത്തെ ലഭിച്ചത് ഇന്ററിനെ സംബന്ധിച്ച് ഈ സമയത്ത് ഏറ്റവും ഗുണകരമായ ഡീലാണെന്ന കാര്യത്തിലും സംശയമില്ല.

മൂന്നു വർഷത്തെ കരാറിലാണ് താരം ഇന്ററിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഡീൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ററിലെത്തുന്നതിനു വേണ്ടി തന്റെ പ്രതിഫലം ഒന്നര ലക്ഷം യൂറോയോളമാക്കി താരം കുറച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. ഇറ്റലിയിൽ താരം ചരിത്രമെഴുതുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.