കോപ്പയുടെ നഷ്ടം; സൂപ്പർതാരം പരിക്ക് മൂലം പുറത്ത്

Image 3
Copa America

ചിലിയൻ സൂപ്പർതാരം അലക്സിസ് സാഞ്ചസിന് പരിക്ക് മൂലം കോപ്പഅമേരിക്ക ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാവും. പരിശീലനത്തിനിടെ പേശീവലിവ് അനുഭവപ്പെട്ട താരത്തിന് ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാവുമെന്നും പരിക്കിൽ നിന്നും മുക്തമാവുന്നത് വരെ താരം ചിലിയിൽ തന്നെ തുടരുമെന്നും ടീം മാനേജർ വ്യക്തമാക്കി.

തിങ്കളാഴ്ച അർജന്റീനക്കെതിരെയാണ് ചിലിയുടെ ആദ്യ മത്സരം. നാലുദിവസത്തിന് ശേഷം ബൊളീവിയയുമായും ടീം കൊമ്പുകോർക്കും. ശേഷം ഉറുഗ്വെക്കും പരാഗ്വെക്കും എതിരെയാണ് ചിലിക്ക് ഗ്രൂപ്പ് സ്റ്റേജിൽ കളിക്കേണ്ടത്.

ഗ്രൂപ്പ് സ്റ്റേജ് അതിജീവിച്ചു ടീം നോക്ക്ഔട്ട് റൗണ്ടിൽ എത്തിയാൽ താരത്തിന് ടീമിനൊപ്പം ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ സാഞ്ചസിന്റെ അഭാവത്തിൽ ഇത് എത്രത്തോളം സാധ്യമാണ് എന്നാണ് ഫുട്ബോൾ വിദഗ്ധർ ഉറ്റുനോക്കുന്നത്.

ചിലിക്കായി 138 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം രാജ്യത്തിനായി ഏറ്റവുമധികം ഗോളുകൾ നേടിയ റെക്കോർഡിനും ഉടമയാണ്. 2006ൽ തുടങ്ങിയ കരിയറിൽ 46 തവണ അദ്ദേഹം ചിലിക്കായി വലകുലുക്കിയിട്ടുണ്ട്.