മെസി പോയാൽ ബാഴ്‌സയുടെ പേരുതന്നെ മാറ്റേണ്ടിവരും, തുറന്നടിച്ച് ബാഴ്‌സ ഇതിഹാസം

Image 3
FeaturedFootball

സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ കാട്ടുതീ പോലെ പടരുകയാണ്. പലവമ്പൻ ക്ലബ്ബുകളും മെസിയുടെ ഓരോ നീക്കങ്ങളും ശ്രദ്ധിച്ച് കഴുകൻ കണ്ണുകളുമായി ബാഴ്സക്ക് പുറകെയുണ്ട്. ബാഴ്സയുടെ കനത്ത പരാജയവും ടീമിലെ അനൈക്യവും മാനേജ്മെന്റിലെ പ്രശ്നങ്ങളുമെല്ലാം മെസിയെ വലിയ തോതിൽ അസ്വസ്ഥനാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മെസിക്ക് പിന്തുണയുമായി മുൻ ബാഴ്സ താരം സാമുവൽ ഏറ്റൂ മുന്നോട്ടു വന്നിരിയ്ക്കുകയാണ്. മെസിക്ക് ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും ബാഴ്സ കൊടുക്കേണ്ടത് അനിവാര്യമാണെന്നാണ് എറ്റൂവിന്റെ അഭിപ്രായം.

ടിവൈസി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റൂ തന്റെ മുൻ സഹതാരത്തെ കുറിച്ച് മനസ്സ് തുറന്നത്. “മെസി തന്റെ കരിയർ ബാഴ്‌സയിൽ തന്നെ പൂർത്തീകരിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ബാഴ്സ ചെയ്തു കൊടുക്കണം. അതിനു വേണ്ടിയുള്ള തീരുമാനങ്ങൾ തന്നെയാണ് ബാഴ്സ കൈക്കൊള്ളുകയെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്.”

“ഞാൻ എന്റെ മകനെ പോലെ സ്നേഹിക്കുന്ന വ്യക്തിയാണ് ലിയോ. മെസിയിൽ നിന്നും മികച്ചത് മാത്രമാണ് എനിക്ക് വേണ്ടത്. ബാഴ്സയെന്നാൽ മെസിയാണ്. അദ്ദേഹം ക്ലബ്‌ വിടാൻ തീരുമാനിച്ചാൽ നമ്മൾ ക്ലബിന് മറ്റൊരു പേര് കണ്ടത്തേണ്ടിയിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരം നമ്മോടൊപ്പം ഇപ്പോഴുമുള്ളത് നമ്മുടെ ഭാഗ്യമാണ് ” ഏറ്റൂ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.