സഞ്ജു ഞങ്ങളെ തകര്‍ത്തുകളഞ്ഞു, തുറന്ന് സമ്മതിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെ അഭിനന്ദനം കൊണ്ട് മൂടുകയാണല്ലോ ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങളുള്‍പ്പെടെ സഞ്ജു സാംസണിനെ പ്രശംസിച്ച് രംഗത്തെത്തി.

മത്സരശേഷം ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംമ്പ ബവുമയ്ക്കും പറയാനുണ്ടായത് മറ്റൊന്നുമല്ല. മലയാളി താരം സഞ്ജു അവസാന ഓവറുകളില്‍ തങ്ങളെ തകര്‍ത്ത് കളഞ്ഞെന്നും എങ്കിലും വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അവസാനം വരെ ഒരു നല്ല പോരാട്ടമായിരുന്നു, വ്യക്തമായും അവസാനം സഞ്ജു ഞങ്ങളെ തകര്‍ത്തുകളഞ്ഞു. പക്ഷേ ആണ്‍കുട്ടികള്‍ ഉറച്ചുനിന്നു. ഞങ്ങള്‍ വിജയത്തിലെത്തുകയും ചെയ്തു. പിച്ചിന്റെ ഉപരിതലത്തില്‍ അധികം പുല്ലുണ്ടായിരുന്നില്ല.മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു, ഞാനും എയ്ഡനും പെട്ടെന്ന് പുറത്തായി. എന്നാല്‍ പിന്നീട് മില്ലറും ക്ലാസനും കൂട്ടുകെട്ടുയര്‍ത്തി’ മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങില്‍ ടെമ്പ ബാവുമ പറഞ്ഞു.

”മില്ലറും ക്ലാസനും പോസിറ്റീവായി കളിച്ചു, ഒരു കൂട്ടുകെട്ട് ഉണ്ടാക്കി ഞങ്ങളെ നല്ല സ്‌കോറിലേക്ക് കൊണ്ടുപോയി. ആദ്യ 15 ഓവറില്‍ റബാഡയും പാര്‍നെലും മികച്ച ബൗളിംഗ് നടത്തി. മധ്യ ഓവറുകളില്‍ ഞങ്ങള്‍ക്ക് കളി നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതി, വളരെയധികം റണ്‍സ് വിട്ടുകൊടുത്തു, പക്ഷേ അവസാനം, ഫലം ഞങ്ങളുടെ വഴിക്ക് വന്നു. അതില്‍ ഞാന്‍ സന്തുഷ്ടനാണ്,’32 കാരന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ഒന്‍പത് റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന് 240 റണ്‍സ് എടുക്കാനെ ആയുളളു. സഞ്ജു സാംസണ്‍ പുറത്താകാതെ 86 റണ്‍സെടുത്തു.

 

You Might Also Like