സമദിനോട് ചെയ്തത് കൊടുംക്രൂരത, ആ സിക്‌സുകള്‍ മാനേജുമെന്റിനുളള മുഖത്തടിയായിരുന്നു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസസ് ഹൈദരാബാദിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത് മാനേജുമെന്റിന്റെ തെറ്റായ തീരൂമാനം. ദുഷ്‌കരമായ റണ്‍ചേസിനിനിടെ വെടിക്കെട്ട് താരം അബ്ദുള്‍ സമദിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്രീസിലിറക്കാന്‍ വൈകിപ്പിച്ചത് തോല്‍വി ഏറ്റുവാങ്ങുന്നത് പോലെയായി.

അപ്പോഴേക്കും കളി കെകെആറിന്റെ വരുതിയിലായിരുന്നു. മികച്ച സ്ട്രൈക്ക് റേറ്റുള്ള സമദിനെ കുറച്ചുകൂടി നേരത്തേ ഇറക്കിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മാറുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്

മത്സരത്തില്‍ എട്ടു ബോളില്‍ നിന്നും രണ്ടു സിക്സറുകളടക്കമാണ് താരം പുറത്താവാതെ 19 റണ്‍സ് നേടിയത്. നേരിട്ട ആദ്യ ബോളിലും മൂന്നാമത്തെ ബോളിലുമായിരുന്നു സമദിന്റെ തകര്‍പ്പന്‍ സിക്സറുകള്‍.

വിജയ് ശങ്കറിന്റെ പുറത്താവലിനു ശേഷം 19ാം ഓവറിന്റെ തുടക്കത്തിലാണ് സമദ് ക്രീസിലെത്തിയത്. അപകടകാരിയായ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെയാണ് തന്റെ ആദ്യ ബോളില്‍ സമദിനു നേരിടേണ്ടിവന്നത്. തകര്‍പ്പനൊരു സിക്സറുമായി താരം ഓസീസ് പേസറെ സ്വീകരിക്കുകയായിരുന്നു. അടുത്ത ബോളില്‍ രണ്ടു റണ്‍സ്. മൂന്നാമത്തെ ബോളില്‍ കമ്മിന്‍സ് വീണ്ടും സമദിന്റെ തല്ലുവാങ്ങിച്ചു. വീണ്ടും തകര്‍പ്പനൊരു സിക്സര്‍.

മുന്‍ ഇന്ത്യന്‍ താരവും സമദിന്റെ ഗുരുവുമായ ഇര്‍ഫാന്‍ പത്താന്‍ സമദിനെ എസ്ആര്‍എച്ച് ക്രീസില്‍ വൈകി ഇറക്കിയതിനെ ട്വിറ്ററിലൂടെ ചോദ്യം ചെയ്തു. ഈ മല്‍സരത്തില്‍ വിജയിച്ച കെകെആറിന് അഭിനന്ദനങ്ങള്‍. റസ്സല്‍ ബൗള്‍ ചെയ്തതോടെ അവര്‍ക്കു മികച്ച ആറു ബൗളിങ് ഓപ്ഷനുകളാണ് ലഭിച്ചിരിക്കുന്നത്. പക്ഷെ എന്തുകൊണ്ട് സമദിനെ ഇത്ര വൈകി ഇറക്കിയതെന്ന് ഇര്‍ഫാന്‍ ട്വിറ്ററിലൂടെ ചോദിക്കുന്നു.

ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയും സമദിനെ വൈകിപ്പിച്ച എസ്ആര്‍എച്ചിന്റെ നീക്കത്തെ വിമര്‍ശിച്ചു. അബ്ദുള്‍ സമദ്- വളരെ പ്രതിഭയുള്ള താരമാണ്. നോര്‍ക്കിയ, റബാഡ, ബുംറ, കമ്മിന്‍സ് എന്നിവര്‍ക്കെതിരേയെല്ലാം താരം സിക്സറടിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ സീസണില്‍ അവന്‍ 36 സിക്സറുകള്‍ നേടിയിട്ടുണ്ടെന്നും ചോപ്ര ട്വീറ്റ് ചെയ്തു.

188 റണ്‍സിന്റെ വിജയലക്ഷ്യമാണ് സണ്‍റൈസസിന് കൊല്‍ക്കത്ത നല്‍കിയത്. എന്നാല്‍ അഞ്ചു വിക്കറ്റിന് 177 റണ്‍സെടുക്കാനേ ഓറഞ്ച് ആര്‍മിക്കായുള്ളൂ. മനീഷ് പാണ്ഡെയും (61*) ജോണി ബെയര്‍സ്റ്റോയുമാണ് (55) പ്രധാന സ്‌കോറര്‍മാര്‍.

 

You Might Also Like