റയൽ മാഡ്രിഡും യുവന്റസുമല്ല, ഹാളണ്ട് ചേക്കേറാൻ പോവുന്ന ക്ലബ്ബ് വെളിപ്പെടുത്തി സാൽസ്ബർഗ് സ്പോർട്ടിങ് ഡയറക്ടർ

Image 3
FeaturedFootball

വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ സൂപ്പർതാരപദവിയിലേക്കുയർന്ന യുവതാരമാണ് ബൊറൂസിയ ഡോർമുണ്ടിന്റെ നോർവീജിയൻ താരം എർലിംഗ് ഹാളണ്ട്. ബൊറൂസിയക്കായി മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരം ഇതിനകം തന്നെ യൂറോപ്യൻ വമ്പന്മാരുടെ നോട്ടപ്പുള്ളിയായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനകം തന്നെ അഞ്ചു ഗോളുകൾ ബുണ്ടസ്‌ലിഗയിൽ നേടിയപ്പോൾ എല്ലാ കോമ്പറ്റിഷനുകളിൽ നിന്നായി 8 ഗോളുകൾ താരത്തിനു നേടാനായിട്ടുണ്ട്.

വമ്പന്മാർ കഴുകൻ കണ്ണുകളുമായി താരത്തിനു ചുറ്റുമുണ്ടെങ്കിലും ഒടുവിൽ താരം ചേക്കേറാൻ പോവുന്ന ക്ലബ്ബിനെക്കുറിച്ചുള്ള സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാളണ്ടിന്റെ മുൻ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ. ഓസ്ട്രിയൻ ക്ലബ്ബായ സാൽസ്ബർഗിന്റെ സ്പോർട്ടിങ് ഡയറക്ടറായ ക്രിസ്റ്റോഫ് ഫ്രെവുണ്ടാണ് താരത്തിന്റെ താരം ചേക്കേറാൻ സാധ്യതയുള്ള ക്ലബ്ബിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

റയൽ മാഡ്രിഡും യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി മുൻനിരയിലുണ്ടെങ്കിലും ലിവർപൂളാണ് താരത്തെ സ്വന്തമാക്കാൻ പോവുന്നതെന്നാണ് ഫ്രെവുണ്ടിന്റെ പക്ഷം. അതു തന്നെയാണ് ബയേൺ ജർമൻ ഇതിഹാസവും ലോതർ മതേയൂസും ഹാളണ്ട് ചേക്കേറാൻ സാധ്യതയുള്ള ക്ലബ്ബായി പ്രവചിച്ചത്. സ്കൈ സ്പോർട്സിനോടാണ് ഫ്രെവുണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.

“അവിടേക്കാണ്(ലിവർപൂൾ )അവൻ എത്തിച്ചേരാൻ പോവുന്നത്. അവനു ഈ ലോകത്തിലെ ഏതു ക്ലബ്ബിനു വേണ്ടിയും കളിക്കാനാവും. അവന്റെ മനോഭാവവും അവന്റെ മനഃശക്തികൊണ്ടും ആത്മവിശ്വാസം കൊണ്ടും അടുത്ത പത്തുവർഷത്തിനുള്ളിൽ ഏതു യൂറോപ്യൻ ക്ലബ്ബിലും തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിക്കും. ” സാൽസ്ബർഗ് സ്പോർട്ടിങ് ഡയറക്ടറായ ഫ്രെവുണ്ട് സ്കൈ സ്പോർട്സിനോട് പറഞ്ഞു.